പി.ടിയുടെ പൊതുദർശനം: പണം തിരിച്ചടച്ച് കോൺഗ്രസ്

കാക്കനാട്: ദിവസങ്ങൾ നീണ്ട വാക്പോരിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ മുൻ തൃക്കാക്കര എം.എൽ.എ പി.ടി. തോമസിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് താൽക്കാലിക വിരാമം. കാക്കനാട് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിനായി ചെലവാക്കിയ തുക കോൺഗ്രസ് ജില്ല കമ്മിറ്റി തൃക്കാക്കര നഗരസഭക്ക് തിരികെ നൽകി. അതേസമയം പണം തിരിച്ചു നൽകിയതിലൂടെ അഴിമതി നടന്നിട്ടുണ്ട് എന്ന് തങ്ങൾ പറഞ്ഞത് യു.ഡി.എഫ് ശരി വെക്കുകയാണെന്ന് എൽ.ഡി.എഫ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകീട്ട് മാധ്യമങ്ങളുടെയും കൗൺസിലർമാരുടെയും സാന്നിധ്യത്തിലാണ് 4,03,398 രൂപയുടെ ചെക്ക് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ മുനിസിപ്പാലിറ്റിക്ക് കൈമാറിയത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിന്റെ നിർദേശപ്രകാരം യു.ഡി.എഫ് കൗൺസിലർമാർ ഡി.സി.സി ഓഫിസിലെത്തി ചെക്ക് കൈപ്പറ്റിയിരുന്നു. മുനിസിപ്പൽ സെക്രട്ടറി അവധിയിലായിരുന്നതിനാൽ നഗരസഭ സൂപ്രണ്ടായിരുന്നു ചെക്ക് ഏറ്റുവാങ്ങിയത്. ചെക്ക് കൈമാറിയതിന് പിന്നാലെ മുനിസിപ്പാലിറ്റിക്ക് നഷ്ടപ്പെട്ട പണം തിരിച്ച് ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ച് ആഘോഷം നടത്തി. അതേസമയം കളവു മുതൽ തിരിച്ചു നൽകി എന്നുവെച്ച് കളവ് കളവല്ലാതാകില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. ഫോട്ടോ: പി.ടി തോമസിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചതുമായി ബന്ധപ്പെട്ട് ചെലവായ തുകയുടെ ചെക്ക് തൃക്കാക്കര മുനിസിപ്പൽ അധ്യക്ഷ അജിത തങ്കപ്പൻ നഗരസഭ സൂപ്രണ്ടിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.