തൃക്കാക്കര കൗൺസിൽ യോഗത്തിൽ വീണ്ടും പ്രതിഷേധവും ബഹളവും

കാക്കനാട്: പ്രതിഷേധവും ബഹളവും ആവർത്തിച്ച് തൃക്കാക്കര നഗരസഭ കൗൺസിൽ. കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ വിളിച്ച അടിയന്തര യോഗത്തിലായിരുന്നു പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. പി.ടി. തോമസിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന്​ വെച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുന്നയിച്ചതോടെയാണ് വ്യാഴാഴ്ച ഓൺലൈൻ വഴി ചേർന്ന യോഗവും തടസ്സപ്പെട്ടത്. യോഗം ആരംഭിച്ചതിന് പിന്നാലെ ഓൺലൈൻ വഴി യോഗം ചേരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിലവിലെ സാഹചര്യത്തിൽ കാക്കനാട്ടെ കമ്മ്യൂണിറ്റി ഹാളിൽ ചേരുന്നതാണ് ഉചിതമെന്ന് എൽ.ഡി.എഫ് കൗൺസിലറായ ജിജോ ചിങ്ങംതറ അഭിപ്രായപ്പെട്ടു. പി.ടിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന്​ വെച്ചതുമായി ബന്ധപ്പെട്ട ബില്ലുകൾ ഹാജരാക്കണമെന്ന ആവശ്യവും ജിജോ ഉന്നയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാലാണ് യോഗം ഓൺലൈൻ ആക്കിയതെന്ന് നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ വ്യക്തമാക്കി. പൊതുദർശനത്തിന് ചെലവായ തുക മുഴുവൻ കോൺഗ്രസ് ഏറ്റെടുത്ത നിലക്ക് ബില്ലുകൾ നൽകേണ്ട ആവശ്യമില്ലെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ധനകാര്യ സ്ഥിരംസമിതി യോഗത്തിലും ബില്ലുകൾ ആവശ്യപ്പെട്ടിട്ട് നൽകാത്തത് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് കൗൺസിലറായ പി.സി. മനൂപും രംഗത്തെത്തി. സംഭവം ചർച്ച ചെയ്യണമെന്നും സെക്രട്ടറി വിശദീകരണം നൽകണമെന്നും ആവശ്യമുന്നയിച്ചു. ഭരണപക്ഷത്തിനെതിരെ എൽ.ഡി.എഫ് രൂക്ഷ അഴിമതി ആരോപണങ്ങളുന്നയിച്ചതോടെ അജിതക്ക് അനുകൂലമായി കോൺഗ്രസ് കൗൺസിലറും മുൻ നഗരസഭ അധ്യക്ഷനുമായ ഷാജി വാഴക്കാലയും രംഗത്തെത്തി. അജണ്ടകൾ ചർച്ച ചെയ്ത ശേഷമാകാം മറ്റ് ചർച്ചകൾ എന്ന് ചില കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും മുഴുവൻ പാസാക്കിയാൽ ചെയർപേഴ്സൻ യോഗ നടപടികൾ അവസാനിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം തുടർന്നു. അതിനിടെ മറ്റു കൗൺസിലർമാർ ഇടപെട്ട് രംഗം ശാന്തമാക്കിയതോടെ ഉദ്യോഗസ്ഥർ അജണ്ടകൾ വായിക്കാനാരംഭിച്ചു. എന്നാൽ, കൗൺസിലർമാർ വീണ്ടും ബഹളം വെച്ചതോടെ അജിത തന്നെ അജണ്ടകൾ വായിച്ച് എല്ലാം പാസായതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ചു. കാക്കനാടിനടുത്ത് തെങ്ങോട് കോവിഡ് ബാധിതർക്ക് ക്വാറന്റീൻ സൗകര്യമൊരുക്കുന്നതിനായി ഡോമിസിലറി കോവിഡ് കെയർ യൂനിറ്റ് സജ്ജമാക്കാൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.