കൊച്ചി: എറണാകുളം അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂവെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുത്താൽ മറ്റൊരു മെത്രാനെ എറണാകുളം ബിഷപ്സ് ഹൗസിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും അൽമായ മുന്നേറ്റം. ജനാഭിമുഖ കുർബാന നടത്തണമെന്നറിയിച്ച് അതിരൂപതയിലെ മുഴുവൻ ഇടവകകളിലേക്കും സ്ഥാപനങ്ങളിലും സർക്കുലർ അടുത്ത ദിവസം അയക്കുമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ അൽമായ മുന്നേറ്റം നേതാക്കളും വൈദികരും ഒമ്പത് ദിവസമായി നടത്തിവന്ന നിരാഹാര സത്യഗ്രഹം പിൻവലിച്ചു. സത്യഗ്രഹം നടത്തുന്ന വൈദികരായ ഫാ. ബാബു കളത്തിലിൽ, ഫാ. ടോം മുള്ളൻചിറ, വിശ്വാസി പ്രതിനിധികളായ പ്രകാശ് പി. ജോൺ, തോമസ് കീച്ചേരി എന്നിവരെ മാർ ആന്റണി കരിയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മാർ ആന്റണി കരിയിൽ സ്ഥിരം സിനഡ് അംഗങ്ങളെയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയെയും ഓറിയന്റൽ കോൺഗ്രിയേഷൻ പ്രീഫക്ട് കർദിനാൾ സാന്ദ്രിയെയും വത്തിക്കാൻ നുൺഷിയോയെയും നിലവിലെ അവസ്ഥ അറിയിച്ചിരുന്നു. കരിയിലിനെതിരെ നടപടി സ്വീകരിക്കുമെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി ഭീഷണി മുഴക്കിയെന്ന് അറിഞ്ഞതിനെത്തുടർന്നാണ് അൽമായ മുന്നേറ്റം മുന്നറിയിപ്പ് നൽകിയത്. എറണാകുളം അതിരൂപതയിലെ 99 ശതമാനം വൈദികരുടെയും വിശ്വാസികളുടെയും നിലപാടിനോടൊപ്പം നിന്നതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കാനോ സ്ഥലം മാറ്റാനോ അനുവദിക്കില്ല. ആന്റണി കരിയിലിനെ എറണാകുളം ബിഷപ്സ് ഹൗസിൽനിന്ന് പുറത്തേക്കോ മറ്റൊരു മെത്രാനെ അകത്തേക്കോ കാലുകുത്താൻ അനുവദിക്കില്ല. ജനാഭിമുഖ കുർബാന സ്ഥിരം നിയമമായി ലഭിക്കുംവരെ മറ്റ് സമരങ്ങൾ തുടരും. മൗണ്ട് സെന്റ് തോമസിലും എറണാകുളം ബിഷപ്സ് ഹൗസിലും നടത്തിയ സത്യഗ്രഹത്തിന് പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, അൽമായ മുന്നേറ്റം കൺവീനർ ബിനു ജോൺ, വിജിലൻ ജോൺ, ജോഷി തച്ചപ്പിള്ളി, ബോബി മലയിൽ, ജോമോൻ തോട്ടാപ്പിള്ളി, റിജു കാഞ്ഞൂക്കാരൻ, ജോജോ ഇലഞ്ഞിക്കൽ, പാപ്പച്ചൻ ആത്തപ്പിള്ളി, ജൈമി, ജയ്മോൻ, ജോൺ കല്ലൂക്കാരൻ, ജോയ് മൂഴിക്കുളം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.