അധ്യക്ഷക്കെതിരെ കുത്തിയിരുപ്പ് സമരവുമായി കൗൺസിലർമാർ

കാക്കനാട്: തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെതിരെ കൗൺസിലർമാർ കുത്തിയിരുപ്പ് സമരം നടത്തി. അന്തരിച്ച തൃക്കാക്കര എം.എൽ.എ പി.ടി. തോമസിന്റെ മൃതദേഹം കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് ​വെച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. ബുധനാഴ്ച ചേർന്ന ധനകാര്യ സ്ഥിരംസമിതി യോഗത്തിൽ ഇതിന്​ പണം ചെലവാക്കിയതിന്റെ ഫയലുകൾ എൽ.ഡി.എഫ് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഫയലുകൾ അധ്യക്ഷയുടെ കൈയിലായതിനാൽ നൽകാനാകില്ലെന്ന് ആയിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. അധ്യക്ഷയുടെ കൈയിലാണെങ്കിലും സമിതി ആവശ്യപ്പെട്ടാൽ നൽകണമെന്നാണ് ചട്ടം എന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഫയലുകൾ വിട്ടു നൽകാനാകില്ല എന്ന നിലപാട് പ്രതിപക്ഷ പ്രതിഷേധത്തിൽ കലാശിക്കുകയായിരുന്നു. അതേസമയം വിവാദത്തിൽ കോൺഗ്രസ് പാർട്ടി തീരുമാനിച്ച നിലപാട് തന്നെയാണ് തനിക്കെന്ന് അജിത തങ്കപ്പൻ ആവർത്തിച്ചു. പൊതുദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ചെലവുകൾ കോൺഗ്രസ് ഏറ്റെടുത്ത് കഴിഞ്ഞതാണ്. എന്തെങ്കിലും തുക അറിയാതെ ചെലവഴിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിച്ചശേഷം പണം തിരിച്ചടക്കുമെന്നും വ്യക്തമാക്കി. ഫോട്ടോ: തൃക്കാക്കര നഗരസഭ അധ്യക്ഷക്കെതിരെ കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.