മൈതാനം കൈയടക്കി മദ്യ-മയക്കുമരുന്ന് മാഫിയ കുപ്പികൾ മൈതാനത്ത് വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നത് കായികതാരങ്ങൾക്ക് വിനയാകുന്നു

മദ്യ കുപ്പികൾ പൊട്ടിച്ച് മൈതാനത്തേക്ക് എറിയുന്നത് കായികതാരങ്ങൾക്ക് വിനയാകുന്നു മട്ടാഞ്ചേരി: ഫോർട്ട്​കൊച്ചിയിലെ കളിക്കളങ്ങൾ രാത്രികാലങ്ങളിൽ മദ്യ-മയക്കുമരുന്ന് മാഫിയ സംഘങ്ങൾ കൈയടക്കുന്നു. ഫോർട്ട്​കൊച്ചി പരേഡ് മൈതാനി, സാന്താക്രൂസ് മൈതാനം എന്നിവ രാത്രിയായിക്കഴിഞ്ഞാൽ മാഫിയകളുടെ കൈവശമാണ്. മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അനാശാസ്യ പ്രവർത്തനങ്ങൾ ഈ മൈതാനങ്ങൾ കേന്ദ്രീകരിച്ച് നടത്തുമ്പോഴും പൊലീസ് നോക്കിനിൽക്കുകയാണ്​. ഫോർട്ട്​കൊച്ചി പൊലീസ് സ്റ്റേഷനും എക്സൈസ് ഓഫിസിനും മൂക്കിനുതാഴെയാണ് ഇവരുടെ വിളയാട്ടം. മദ്യപാനം കഴിഞ്ഞാൽ കുപ്പികൾ പൊട്ടിച്ച് മൈതാനത്തേക്ക് എറിയുന്നത് രാവിലെ മൈതാനത്ത് കളിക്കാനെത്തുന്ന കായികതാരങ്ങൾക്ക് വിനയാകുകയാണ്. രാവിലെ കളിക്കാനെത്തുന്ന താരങ്ങളുടെ മുഖ്യ പണി പൊട്ടിക്കിടക്കുന്ന കുപ്പിച്ചീളുകളും ഉപയോഗം കഴിഞ്ഞ് ഉപക്ഷിച്ച സിറിഞ്ചുകൾ, ഭക്ഷണ പ്ലേറ്റുകൾ എന്നിവ പെറുക്കിക്കളയുന്നതാണ്. പൂർണമായും ചില്ലുകൾ നീക്കംചെയ്​തെന്ന് ഉറപ്പാക്കിയശേഷമാണ് കളി തുടങ്ങുന്നത്. എന്നിരുന്നാലും പലപ്പോഴും ഷൂസ് തുളഞ്ഞ്​ ചില്ലുകയറി മുറിവ് പറ്റാറുണ്ടെന്ന് കളിക്കാർ പറയുന്നു. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ വീണ ഒരു കളിക്കാരന്റെ നെഞ്ചിൽ കുപ്പിച്ചില്ല് തുളച്ചുകയറി. സംരക്ഷണത്തിനൊരുക്കിയ പരേഡ് മൈതാനത്തെ ഇരുമ്പു വേലികളും പലയിടത്തും തകർത്തിട്ടുണ്ട്. മൈതാനത്തിന് ചുറ്റുമായുള്ള തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാത്തതും രാത്രികാല പൊലീസ് പട്രോളിങ് ഇല്ലാത്തതും ആൾസഞ്ചാരം കുറഞ്ഞ മേഖലയായതുമാണ് സാമൂഹിക വിരുദ്ധർക്ക് സഹായകമാകുന്നതെന്ന് മുതിർന്ന ഫുട്ബാൾ പരിശീലകനായ റൂഫസ് ഡിസൂസ പറഞ്ഞു. കഴിഞ്ഞ മാസം ലഹരിക്കെതിരെ യുവാക്കൾക്ക്​ ഫോർട്ട്​കൊച്ചി വെളി മൈതാനിയിൽ പൊലീസ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് കുപ്പികൾ പൊട്ടിച്ച് ചില്ലുകൾ മൈതാനത്ത് വിതറുന്ന പരിപാടി സാമൂഹികവിരുദ്ധർ ആവിഷ്കരിച്ചിരിക്കുന്നതെന്ന് കായികതാരങ്ങളിൽ ഒരാൾ പറഞ്ഞു. രാത്രികാല പൊലീസ് പട്രോളിങ്​ ശക്തമാക്കി മൈതാന സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ജില്ല വെയ്​റ്റ് ലിഫ്റ്റിങ്​ അസോസിയേഷൻ സെക്രട്ടറി എം.ആർ. രജീഷ്, ജില്ല ബോഡി ബിൽഡിങ്​ അസോസിയേഷൻ സെക്രട്ടറി സോമൻ എം. മേനോൻ, ജില്ല ബോക്സിങ്​ അസോസിയേഷൻ സെക്രട്ടറി അഫ്സൽ നിസാർ, ജില്ല ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സെക്രട്ടറി തോമസ് കൊറശേരി, ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി യു. ഉബൈദ് ഗുരുക്കൾ എന്നിവർ ആവശ്യപ്പെട്ടു. ചിത്രം: പെറുക്കിക്കൂട്ടിയ കുപ്പിച്ചീളുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.