വിട പറഞ്ഞത്​ പരിസ്ഥിതിയുടെ നാവായിരുന്ന വിപ്ലവകാരി

പെരുമന കോരു വൈദ്യരുടെയും ദേവകിയുടെയും അഞ്ചു മക്കളിൽ രണ്ടാമനായി എറണാകുളം ജില്ലയിലെ ചെറായിലായിരുന്നു മണപ്പറമ്പിൽ കോരു പ്രസാദ് എന്ന എം.കെ. പ്രസാദിന്‍റെ ജനനം. ചെറായി വാടയ്ക്കകം ബാലവിദ്യാ രഞ്ജിനി എൽ.പി സ്കൂൾ, ചെറായി വി.വി.എസ്. യു. പി. സ്കൂൾ, ചെറായി രാമവർമ യൂനിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം എറണാകുളം മഹാരാജാസ് കോളജിൽനിന്ന് മെട്രിക്കുലേഷനും സസ്യശാസ്ത്രത്തിൽ ബിരുദവും നേടി. ബിരുദാനന്തര ബിരുദം രാജസ്ഥാനിലെ ബിർള കോളജിൽനിന്ന്. ചിറ്റൂർ ഗവ. കോളജിൽനിന്ന് അധ്യാപകനായി തുടങ്ങിയ ഔദ്യോഗിക ജീവിതം മഹാരാജാസ് കോളജിലെ പ്രിൻസിപ്പൽ, കോളീജിയേറ്റ് എജുക്കേഷൻ ഡയറക്ടർ, കോഴിക്കോട് സർവകലാശാല പ്രോ. വൈസ് ചാൻസലർ എന്നീ പദവികൾ വരെ തുടർന്നു. പരിസ്ഥിതിസൗഹൃദ സുസ്ഥിര വികസന കാഴ്ചപ്പാടായിരുന്നു അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചിരുന്നത്​. പരിസ്ഥിതിയുടെ ശബ്​ദമായിരുന്നു എന്നും എം.കെ. പ്രസാദ്​. സൈലന്‍റ്​ വാലിക്കുവേണ്ടി ആദ്യാവസാനം നിലകൊണ്ടവരിൽ ഒരാളായ എം.കെ. പ്രസാദ്​ തന്നെയായിരുന്നു ആ ചെറുത്തു നില്‍പ്പുകള്‍ക്ക് തുടക്കമിട്ടവരില്‍ പ്രധാനിയും. മലയാളിയുടെ വൈകാരിക വിഷയമായി സൈലന്‍റ്​ വാലി മാറിയതിന്​ പിന്നിൽ എം.കെ. പ്രസാദിന്‍റെ എഴുത്തുകൾക്കും പ്രസംഗങ്ങൾക്കും വലിയ പങ്കുണ്ട്​. സൈലന്‍റ്​ വാലിക്ക്​ വേണ്ടി നടന്നത്​ സമരം എന്നതിന്​ പകരം ചെറുത്തുനില്‍പ് എന്നായിരുന്നു അദ്ദേഹം അതിനെ വിശേഷിപ്പിച്ചിരുന്നത്​. പരിസ്ഥിതിയും ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി സംഘടനകളിലും പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്‍റെ (ഡബ്ല്യു.ഡബ്ല്യു.എഫ്) സതേണ്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന എം.കെ. പ്രസാദ്​ പരിസ്ഥിതി ശാസ്ത്രജ്ഞനായ സഫര്‍ ഫത്തേഹല്ലിയയുടെ റിപ്പോര്‍ട്ടിലൂടെയാണ്​ സൈലന്‍റ്​ വാലിയെപ്പറ്റി അറിയുന്നത്. കാലിക്കറ്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബോട്ടണി അധ്യാപകനായ പ്രസാദ്​ സൈലന്‍റ്​ വാലി സന്ദർശിച്ചശേഷം ചരിത്രം, ഭൂമിശാസ്ത്രവുമൊക്കെ ചേർത്ത്​ ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ മുഖപത്രത്തിൽ 'സൈലന്‍റ്​ വാലി-ഒരു ഇക്കോളജിയ സമീപനം' എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതി. സൈല​ന്‍റ്​​​ വാലിയില്‍ ജലവൈദ്യുതി പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ ലേഖനമായിരുന്നു അത്. സൈലന്‍റ്​ വാലി പ്രശ്നത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ഔദ്യോഗിക തീരുമാനം എടുക്കും മുമ്പ് തന്നെ സൈലന്‍റ്​ വാലി വിഷയവുമായി എം.കെ. പ്രസാദ് ഏറെ​ മുന്നോട്ടു പോയി. എക്സിക്യൂട്ടിവ് കമ്മിറ്റിയിലില്ലായിരുന്ന കാലത്ത്​ പരിഷത്തിന്‍റെ സംസ്ഥാന എക്സിക്യൂട്ടിവ് കൂടുമ്പോഴൊക്കെ സൈലന്‍റ്​ വാലി പ്രശ്നം സംബന്ധിച്ച് പ്രമേയം അയച്ചുകൊണ്ടിരുന്നുവെന്നും ആ പ്രമേയം കമ്മിറ്റിയില്‍ വായിച്ച് തള്ളുകയായിരുന്നു പതിവെന്നും പിന്നീട്​ പരിഷത്തിന്‍റെ പ്രസിഡന്‍റായ എം.കെ. പ്രസാദ്​ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. പരിസ്ഥിതിക്ക്​ വേണ്ടിയുള്ള പോരാട്ടത്തിന്‍റെ കഥയാണ്​ തെരുവിലുള്ളതെങ്കിൽ എറണാകുളം മഹാരാജാസ് കോളജിന്​ പറയാനുള്ളത്​ മറ്റൊരു ചരിത്രമാണ്​. കാമ്പസിൽനിന്ന്​ കലാപത്തെ പുറത്താക്കിയ അധ്യാപകനായാണ്​ വിദ്യാഭ്യാസ സമൂഹം അദ്ദേഹത്തെ ഓർക്കുന്നത്. കെ.എസ്‌.യു - എസ്.എഫ്.ഐ സംഘർഷവും സംഘട്ടനവും മൂലം 85 കളിൽ മഹാരാജാസ്​ കലുഷിതമാണ്​. ആ കാലത്താണ്​ പ്രിൻസിപ്പൽ പദവി​യുമേറ്റെടുത്ത്​ പ്രഫ.എം.കെ. പ്രസാദ് കാമ്പസിലെത്തുന്നത്​. ചുമതലയേറ്റ അദ്ദേഹം ആദ്യം വിദ്യാർഥി നേതാക്കളെ വിളിച്ചശേഷമാണ്​ സ്റ്റാഫ്​ കൗൺസിൽ പോലും കൂടിയത്​. സംഘർഷം അവസാനിപ്പിച്ചെന്ന്​ ഇരു സംഘടനകളും നൽകിയ ഉറപ്പിൽ അദ്ദേഹം കോളജ് തുറന്നെങ്കിലും വീണ്ടും കാമ്പസ്​ കലുഷിതമായി. രാഷ്ട്രീയവും കൊടിയും നോക്കാതെ അച്ചടക്കത്തിന്‍റെ നടപടികൾ നേതാക്കളിലേക്ക്​ വരെ നീണ്ടതോടെ കാമ്പസിൽനിന്ന്​ സംഘർഷം പടിക്ക്​ പുറത്തായി. ക്ലാസിൽ വരാത്തവരുടെ വീട്ടി​ലേക്ക്​ കത്തെഴുതി രക്ഷിതാക്കൾക്കൊപ്പം കോളജിൽ വരുത്തിയത്​ മറ്റൊരു ചരിത്രം. കാമ്പസിൽ പണി പൂർത്തിയായിട്ടും തുറന്നു നൽകാത്ത കെട്ടിടം വിട്ടുകിട്ടാൻ രണ്ട് വിദ്യാർഥികളെ കൊണ്ട് ഹൈകോടതിയിൽ ഹരജി നൽകിച്ചു. പൊളിറ്റിക്സ്, അറബിക്, ഇസ്‌ലാമിക് ഹിസ്റ്ററി വകുപ്പുകളുടെ ബ്ലോക്ക് അങ്ങനെയാണ് തുറന്നുകൊടുക്കുന്നത്​. പരിസ്ഥിതി വിഷയങ്ങളിൽ യുവാക്കൾ കൂടുതലായി കടന്നുവരണമെന്ന്​ ആഗ്രഹിച്ച അദ്ദേഹം പലയുവജന സംഘടനകളുടെയും കൂട്ടായ്മകളുടെയും പരിസ്ഥിതി പോരാട്ടങ്ങളിൽ ഒപ്പം നിന്നു. ഒരു ജനതയുടെ പരിസ്ഥിതിയോടുള്ള കാഴ്ചപ്പാടുകളെ തിരുത്തിയ മനുഷ്യനായിരുന്നു ഡോ.എം.കെ. പ്രസാദ്​. മനുഷ്യനും പ്രകൃതിയും, പാടാത്ത പക്ഷികൾ, നമ്മുടെ ഔഷധ സസ്യങ്ങൾ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.