റോഡ് തകർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ

കാക്കനാട്: ടാറിങ്​ പൂർത്തിയായി ഒരാഴ്ചക്കകം റോഡ് തകർന്ന സംഭവത്തിൽ തൃക്കാക്കര നഗരസഭ അന്വേഷണത്തിന് നിർദേശം നൽകി. റോഡിൽനിന്ന് കോർ കട്ടിങ് വഴി ശേഖരിക്കുന്ന സാംപിളുകൾ പരിശോധിച്ച് റിപ്പോർട്ട്‌ നൽകാൻ ബന്ധപ്പെട്ട അസിസ്റ്റന്‍റ്​ എൻജിനീയർക്കും ഓവർസിയർക്കും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സോമി റെജിയാണ് നിർദേശിച്ചത്. ഇൻഫോപാർക്ക് എക്സ്​പ്രസ് ഹൈവേയിലേക്കുള്ള കെ.പി. കുര്യൻ പാറയ്ക്കമുകൾ റോഡാണ് രാജ്യാന്തര നിലവാരത്തിലെ ടാറിങ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ തകർന്നത്. നഗരസഭ അധികൃതർ റോഡ് സന്ദർശിക്കുകയും നിർമാണത്തിൽ അപാകതകൾ ഉണ്ടായതായി വിലയിരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്. തൃക്കാക്കര നഗരസഭയിലെ ഒമ്പത്, 11 വാർഡുകളിലൂടെ കടന്നുപോകുന്ന 800 മീറ്ററോളം നീളമുള്ള റോഡ് ബിറ്റുമിൻ മെക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റ് സാങ്കേതികവിദ്യയിലാണ് ടാറിങ് പൂർത്തിയാക്കിയത്. 35 ലക്ഷം രൂപയായിരുന്നു ഇതിന് വകയിരുത്തിയത്. ഭാരവാഹനം കയറിയപ്പോഴാണ് റോഡ് പൊളിഞ്ഞതെന്ന് നാട്ടുകാർ വ്യക്തമാക്കി. ആരോപണമുയർന്ന സാഹചര്യത്തിൽ ടാറിങ്ങിന്‍റെ നിലവാരം പരിശോധിക്കുന്നതിനാണ് സാംപിൾ ശേഖരിച്ചത്. ഇതിന്‍റെ ലാബ് റിപ്പോർട്ട് ലഭിച്ച ശേഷം ക്രമക്കേട് തെളിഞ്ഞാൽ റീ ടാറിങ്​ ചെയ്യിക്കുമെന്ന് നഗരസഭയുടെ പൊതുമരാമത്ത് മോണിറ്ററിങ്​ സമിതി അധ്യക്ഷൻ ഷാജി വാഴക്കാല പറഞ്ഞു. അതുവരെ റോഡിനുവേണ്ടി ചെലവായ തുകയുടെ ബില്ല് പാസാക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയുള്ള റോഡ് നിർമാണങ്ങളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം നിർബന്ധമായും ഉറപ്പുവരുത്തണമെന്ന് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ മറ്റുചില റോഡുകൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ റോഡുകളും കോർ കട്ടിങ് നടത്തി സാംപിൾ ശേഖരിച്ച് പരിശോധനക്ക് അയക്കുന്നതും പരിഗണനയിലുണ്ടെന്നും അധികൃതർ പറഞ്ഞു. സോമി റെജിയുടെ നേതൃത്വത്തിൽ ഷാജി വാഴക്കാല, സമിതി അംഗമായ ഇ.പി. കാദർകുഞ്ഞ്, ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ, അസിസ്റ്റന്‍റ്​ എൻജിനീയർ, ഓവർസിയർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.