മുഖ്യമന്ത്രിയെ കാത്ത് വൈറ്റില കുന്നറ പാര്‍ക്ക് *നിര്‍മാണം പൂര്‍ത്തിയായി രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയില്ല

വൈറ്റില: നിര്‍മാണം പൂര്‍ത്തിയായിട്ടും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതെ വൈറ്റില കുന്നറ പാര്‍ക്ക്. കൊച്ചി കോര്‍പറേഷന്‍ 49 ാം ഡിവിഷനില്‍പ്പെടുന്ന വൈറ്റില-തൃപ്പൂണിത്തുറ റോഡില്‍ തൈക്കൂടത്തെ കുന്നറ പാര്‍ക്കാണ് നിര്‍മാണം പൂര്‍ത്തിയായി രണ്ടുമാസം പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്യാതെ അടഞ്ഞുകിടക്കുന്നത്. ഉദ്ഘാടനത്തിന്​ മുഖ്യമന്ത്രിതന്നെ വേണമെന്ന കെ.എം.ആര്‍.എല്‍ എം.ഡിയുടെ പിടിവാശിമൂലമാണ് കുന്നറ പാര്‍ക്ക്​ തുറക്കാൻ വൈകിക്കുന്നതെന്ന് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ആരോപിച്ചു. ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാമെങ്കിലും ഈ വേളയില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്യണമെന്ന തീരുമാനത്തിലാണ് അധികൃതര്‍. എറണാകുളം സുഭാഷ് പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ചുതന്നെ വൈറ്റില കുന്നറ പാര്‍ക്കും ഉദ്ഘാടനം ചെയ്യുമെന്ന് മേയര്‍ പറഞ്ഞിരുന്നു. ഉദ്ഘാടനം വൈകുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്. മെട്രോ നിര്‍മാണത്തിന്‍റെ ഭാഗമായി പൊളിച്ചിട്ടിരുന്ന പാര്‍ക്ക് കോര്‍പറേഷന്‍റെ ആവശ്യപ്രകാരം രണ്ടര കോടി രൂപ ചെലവില്‍ കെ.എം.ആര്‍.എല്‍ ആണ് നവീകരിച്ചത്. നിര്‍മാണം പൂര്‍ത്തിയായശേഷം പാര്‍ക്ക് കെ.എം.ആര്‍.എലില്‍നിന്ന്​ കോര്‍പറേഷന് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം നടക്കാത്തതോടെ ഈ കാര്യത്തിലും തീരുമാനമായിട്ടില്ല. കുട്ടികള്‍ക്ക് കളിക്കാനുള്ള ആധുനിക ഉപകരണങ്ങള്‍, ഓപണ്‍ എയര്‍ സൗണ്ട് സ്റ്റേജ്, അലങ്കാര ലൈറ്റുകള്‍, ഇരിപ്പിടങ്ങള്‍, പൂച്ചെടികള്‍, തണല്‍ വൃക്ഷങ്ങള്‍, ശൗചാലയം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മാസം 26നുമുമ്പ്​ പാര്‍ക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ജനകീയ കൂട്ടായ്മയിലൂടെ തുറന്നുകൊടുക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ എ. രതീഷ്‌കുമാര്‍ പറഞ്ഞു. EC-TPRA-1 Kunnara Park 1, 2. നിര്‍മാണം പൂര്‍ത്തിയായ വൈറ്റില കുന്നറ പാര്‍ക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.