യുവാക്കളെ കബളിപ്പിച്ച് ഒന്നരക്കോടി തട്ടിയ കേസ്​: പ്രതി പിടിയില്‍

തട്ടിപ്പിനിരയായത്​ സമ്പന്നരായ ഉത്തരേന്ത്യന്‍ യുവാക്കള്‍ കൊച്ചി: ഉത്തരേന്ത്യന്‍ സ്വദേശികളായ യുവാക്കളെ കബളിപ്പിച്ച് ഒന്നര കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി പിടിയില്‍. മഹാരാഷ്ട്ര രത്‌നഗിരി സ്വദേശി സമര്‍ ഇസ്മയില്‍ സാഹയാണ്​ (45) എറണാകുളം നോര്‍ത്ത് പൊലീസിന്‍റെ പിടിയിലായത്. ഡാനിഷ് അലി എന്ന പേരിലാണ് ഇയാള്‍ നഗരത്തില്‍ ബിസിനസ് നടത്തുന്ന നിരവധിപേരെ തട്ടിപ്പിനിരയാക്കിയത്​. ഒരുകോടി 57 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയില്‍നിന്ന്​ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയിലെത്തിയ ഇയാൾ കലൂര്‍ കതൃക്കടവ് റോഡില്‍ വാപി കഫേ എന്ന പേരില്‍ റസ്‌റ്റാറന്‍റ്​ ആരംഭിച്ചു. ഉത്തരേന്ത്യന്‍ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലേക്ക് നഗരത്തില്‍ ബിസിനസ് നടത്തുന്ന സമ്പന്നരായ ഉത്തരേന്ത്യന്‍ യുവാക്കള്‍ എത്തിയിരുന്നു. ഇവരോട് തനിക്ക് മരട് നെട്ടൂര്‍ മാര്‍ക്കറ്റില്‍ പഴം, പച്ചക്കറി എന്നിവയുടെ വന്‍തോതിലുള്ള കയറ്റുമതി-ഇറക്കുമതി ബിസിനസുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിദേശത്തുനിന്ന് വലിയ ഓര്‍ഡര്‍ വന്നിട്ടുണ്ടെന്നും ഇതിലേക്ക്​ പണം ആവശ്യമുണ്ടെന്നും പറഞ്ഞ് യുവാക്കളില്‍നിന്ന്​ ആദ്യം ചെറിയ തുകകള്‍ ഇയാള്‍ വാങ്ങി. ഇത് പിന്നീട് പലിശസഹിതം തിരിച്ചുനല്‍കി വിശ്വാസം നേടിയെടുത്തു. പിന്നീട് വലിയ തുകകള്‍ ഇത്തരത്തില്‍ വാങ്ങിച്ചെടുക്കുകയായിരുന്നു. പണം നല്‍കിയവര്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. പരാതിപ്പെടുമെന്ന സാഹചര്യമെത്തിയപ്പോള്‍ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് മുങ്ങി. രണ്ടുപേര്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് മഹാരാഷ്ട്രയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പിടിയിലായശേഷം നാലുപേര്‍ കൂടി പരാതിയുമായെത്തി. കൂടുതല്‍പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരായ ആറുപേരില്‍ ഒരാള്‍ മലയാളിയാണ്. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ആഡംബര ജീവിതത്തിനാണ് വിനിയോഗിച്ചിരുന്നത്. ഇയാൾ ഉത്തരേന്ത്യയിലും മറ്റുമായി ഫ്ലാറ്റുകള്‍ ഉള്‍പ്പെടെ വാങ്ങിയിട്ടുണ്ടെന്നാണ് വിവരമെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ഭാര്യയെന്ന് പറയുന്ന സ്ത്രീയും ഡ്രൈവറും കേസില്‍ കൂട്ടുപ്രതികളാണ്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. ഇതിനായി ഒരുസംഘം പൊലീസ് ബാന്ദ്രയിലാണ്. അതേസമയം ഇയാളുടെ യഥാര്‍ഥ കുടുംബം മധ്യപ്രദേശിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. നോര്‍ത്ത് സി.ഐ പ്രശാന്ത് ക്ലിന്‍റ്​, എസ്‌.ഐ വിനോദ്​ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്​ ചെയ്തത്. lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.