മാത്യു കുഴൽനാടന്‍റെ നേതൃത്വത്തിലുള്ള ആക്രമണം അവസാനിപ്പിക്കണം -സി.പി.എം

കൊച്ചി: മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടന്‍റെ നേതൃത്വത്തിൽ സി.പി.എം ഓഫിസുകൾക്കും പ്രവർത്തകർക്കുംനേരെ നടക്കുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട ദിവസം സി.പി.എം ഓഫിസിനുമുന്നിൽ പ്രതിഷേധ പ്രകടനം നടത്താനെത്തിയ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കുനേരെ പ്രകോപന മുദ്രാവാക്യം മുഴക്കി യൂത്ത് കോൺഗ്രസ് നേതാവിന്‍റെ നേതൃത്വത്തിലുള്ള ഒരുസംഘം കോൺഗ്രസ്​ ഓഫിസിൽനിന്ന് ഇറങ്ങി വന്നതാണ് സംഭവങ്ങളുടെ തുടക്കമെന്ന് അവർ പറഞ്ഞു. വലിയ സംഘർഷത്തിൽ കലാശിക്കേണ്ടിയിരുന്ന സംഭവം എം.എൽ.എ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് ഉണ്ടായത്​. കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ നയിച്ച പ്രകടനത്തിന് 100 മീ. പിന്നിലായി പട്ടികക്കഷണത്തിലും കുറുവടികളിലും കെട്ടിയ കൊടികളുമായി 150ഓളം പേർ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നും ജില്ല സെക്രട്ടേറിയറ്റ് ആരോപിച്ചു. കോൺഗ്രസ് പാർട്ടിയിൽ മേധാവിത്വം സ്ഥാപിക്കാൻ എം.എൽ.എ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണമെന്നും മുഴുവൻ അക്രമികളെയും അറസ്​റ്റ് ചെയ്യണമെന്നും ജില്ല സെക്ര​ട്ടേറിയറ്റ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.