പെരിയാർവാലി കനാലിൽ ചത്ത എലികളും പൂച്ചയും മാലിന്യവും; ദുരിതം സഹിച്ച്​ ജനം

കിഴക്കമ്പലം: പട്ടിമറ്റം ഡബിള്‍ പാലം മുതല്‍ മുബാറക്ക് വരെ പെരിയാര്‍വാലി കനാലില്‍ ചത്ത എലികളും പൂച്ചയും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങൾ. മാലിന്യം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ ശക്തമായ ദുര്‍ഗന്ധംമൂലം പട്ടിമറ്റം ഡബിള്‍ പാലത്തിന് സമീപം മസ്ജിദ് മുബാറക്കില്‍ പഠിക്കുന്ന മദ്​റസ വിദ്യാർഥികള്‍ക്കും പരിസരവാസികള്‍ക്കും കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഒരാഴ്ചമുമ്പ്​ പെരിയാര്‍വാലി കനാല്‍ തുറന്നതോടെയാണ് മാലിന്യം ഇവിടെ വന്നുകൂടിയത്. ദുര്‍ഗന്ധം രൂക്ഷമായതോടെ ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റ്​ എക്‌സിക്യൂട്ടിവ് എന്‍ജിനീയറെയും പെരിയാര്‍വാലി വാച്ചറെയും അറിയിച്ചെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു പെരിയാര്‍വാലി കനാലില്‍ ചപ്പുകളും കാടുകളും വൃത്തിയാക്കലും അറ്റകുറ്റപ്പണികളും നടത്താത്തതാണ്​ വെള്ളം തുറന്നുവിടുമ്പോള്‍ മാലിന്യം കെട്ടിക്കിടക്കാന്‍ കാരണം. ഭൂതത്താന്‍കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടതോടെ ജീവജാലങ്ങളുടെ അഴകിയ ശരീരങ്ങളും മാലിന്യങ്ങളും വിവിധ സ്ഥലങ്ങളില്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണെന്ന് ആരോപണമുണ്ട്. വേനല്‍ കടുക്കുന്നതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളത്തിനും കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പെരിയാര്‍വാലിയെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ മാലിന്യം നിറഞ്ഞ വെള്ളം കിണറുകളിലും മറ്റും എത്തുന്നതിനാൽ രോഗം പിടിപെടുമെന്നുള്ള ആശങ്കയിലാണ് നാട്ടുകാര്‍. എത്രയുംവേഗം പെരിയാര്‍വാലി കനാല്‍ ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം. പട്ടിമറ്റം ഡബിള്‍ പാലം മുബാറക്ക് മസ്ജിദിന് സമീപം പെരിയാര്‍വാലി കനാല്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യക്കൂമ്പാരം (em palli 1 malinayam)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.