പൊലീസ് സ്‌റ്റേഷനിലെ 'ഇടപെടൽ'; വാദപ്രതിവാദങ്ങളുമായി പാർട്ടികൾ

ആലുവ: മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ച പൊലീസ് സ്‌റ്റേഷനിലെ അനുരഞ്ജന ചർച്ചയിൽ വിവാദമായ രാഷ്‌ട്രീയ ഇടപെടലിനെച്ചൊല്ലി വാദപ്രതിവാദം. ഭർത്താവിനൊപ്പം പൊലീസ് സ്‌റ്റേഷനിൽ എത്തിയത് 'കുട്ടിസഖാവ്' ആണെന്നായിരുന്നു നേരത്തേ ഉയർന്ന ആരോപണം. തുടർന്ന് സമരരംഗത്തിറങ്ങിയ കോൺഗ്രസും ഈ ആരോപണം ഏറ്റെടുത്തിരുന്നു. ഇത് സിപി.എമ്മിന് വലിയ ക്ഷീണമുണ്ടാക്കിയതോടെ ആളെ കണ്ടെത്താൻ ശ്രമവും ആരംഭിച്ചു. സി.പി.എം പ്രവർത്തകർ ആലുവ പൊലീസ് സ്‌റ്റേഷനിൽനിന്ന്​ സി.സി ടി.വി ദൃശ്യം ശേഖരിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് സെക്രട്ടറിയും മുൻ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ ടി.കെ. ജയനാണ് സുഹൈലിനായി സ്‌റ്റേഷനിലെത്തിയതെന്നാണ്​ കണ്ടെത്തിയത്. ഇക്കാര്യം അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എന്നാൽ, സി.ഐയുമായോ മറ്റ് പൊലീസുകാരുമായോ സുഹൈലിന് അനുകൂലമായി സംസാരിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. കടേപ്പിള്ളി ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് അഷ്‌കർ തന്നെ ഫോണിൽ ബന്ധപ്പെട്ട് പൊലീസ് സ്‌റ്റേഷനിൽ സുഹൃത്തി​ൻെറ കേസുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എത്താമോയെന്ന് ചോദിച്ചു. തൊട്ടടുത്ത് ഉണ്ടായിരുന്നതിനാൽ ചെല്ലുകയും ചെയ്തു. . കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഗൗരവമുള്ളതാണെന്ന് മനസ്സിലായി. ഇരുവരുമായും സി.ഐയുടെ മുറിയിൽ ചർച്ച നടന്നപ്പോൾ താൻ സ്‌റ്റേഷനിലെ സന്ദർശക ഇരിപ്പിടത്തിൽതന്നെ ഇരുന്നു. മറ്റൊരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യം കോൺഗ്രസിന് തിരിച്ചടിയായി. ജയൻ പാർട്ടി നേതാവായിട്ടല്ല സ്‌റ്റേഷനിൽ പോയതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പാർട്ടിതലത്തിൽ ഇതിന് പങ്കില്ല. എന്നാൽ, പ്രതികൾക്കൊപ്പം ചെന്നത് കോൺഗ്രസ്‌ മുൻ പഞ്ചായത്ത് അംഗമാണെന്നത് മറച്ചു​െവച്ച് സി.പി.എം ഇടപെട്ടതായി കുപ്രചാരണം നടത്തുകയാണ് കോൺഗ്രസ് ചെയ്തതെന്ന് ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.