പാണിയേലി റേഷന്‍കട; ലീഗല്‍ സര്‍വിസ്​ കമ്മിറ്റി നോട്ടീസയച്ചു

പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിലെ നിര്‍ത്തലാക്കിയ റേഷന്‍കട പുനഃസ്ഥാപിക്കാന്‍ നല്‍കിയ പരാതിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കുന്നത്തുനാട് താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി ചെയര്‍മാന്‍ ഉത്തരവിട്ടു. ജില്ല സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍, വേങ്ങൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ഡിസംബര്‍ 22ന് ഹാജരാകാനാണ് ഉത്തരവിലുള്ളത്. മലയോര മേഖലയിലെ നാനൂറോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന റേഷന്‍കട നിസ്സാര കാരണം പറഞ്ഞ് നിര്‍ത്തലാക്കി ആറ് കി.മീ. അകലെയുള്ള ക്രാരിയേലി റേഷന്‍കടയുടെ കീഴിലാക്കുകയായിരുന്നു. ഇതോടെ ആനശല്യവും ഇപ്പോള്‍ പുലിശല്യമുള്ള വനമേഖലയിലെ ജനങ്ങളാണ് ദുരിതത്തിലായത്. വാഹനസൗകര്യമില്ലാത്തതിനാല്‍ 200 രൂപയോളം മുടക്കി ഓട്ടോറിക്ഷ പിടിച്ചാണ് കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങാന്‍ ക്രാരിയേലിയിലേക്ക് പോകുന്നത്. കടയിലെ തിരക്കുകാരണം പലപ്പോഴും കൂലിപ്പണിയും മുടങ്ങുന്ന അവസ്ഥയാണ് പലര്‍ക്കും. ആക്രമണകാരികളായ കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പാണിയേലിയില്‍ നിര്‍ത്തലാക്കിയ റേഷന്‍കട എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം തോമസ് കെ. ജോര്‍ജാണ് ലീഗല്‍ സര്‍വിസ്​ കമ്മിറ്റി ചെയര്‍മാന് പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.