മാർ ആൻറണി കരിയിലിനെതിരെ പ്രതിഷേധം

കൊച്ചി: മെത്രാപ്പോലീത്തൻ വികാരി എന്ന പദവിയിൽനിന്ന് മാർ ആൻറണി കരിയിലിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ എറണാകുളം ബിഷപ്സ്​ ഹൗസിന് മുന്നിൽ പ്രതിഷേധം നടത്തി. ഏകീകരിച്ച കുർബാനക്രമം എല്ലാ പള്ളിയിലും 28 മുതൽ നടപ്പാക്കണമെന്ന ആവശ്യവും എറണാകുളം-അങ്കമാലി അതിരൂപത സഭാ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ അവർ മുന്നോട്ടുവെച്ചു. വിഘടനവാദികളായ വൈദികർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും വിമതപ്രവർത്തനം നയിക്കുന്ന മാർ ആൻറണി കരിയിലിനെ പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു. സത്യവിശ്വാസികളെ വഴിപിഴപ്പിക്കുന്ന വൈദിക കോമരങ്ങളുടെ കുപ്പായമഴിപ്പിക്കണമെന്നും അതിരൂപതയിൽ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും തുടങ്ങുന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സഭാ സംരക്ഷണസമിതി കൺവീനർ കുര്യൻ അത്തിക്കളം, ജോയൻറ് കൺവീനർ ജോസഫ് വി. എബ്രഹാം, മലയാറ്റൂർ ഇടവക മുൻ കൈക്കാരൻ ജോണി പറപ്പിള്ളിൽ എന്നിവർ സംസാരിച്ചു. ഏകീകരിച്ച കുർബാനക്രമം 28 മുതൽ എല്ലാ പള്ളിയിലും നടപ്പാക്കുമെന്ന നിലപാടിൽ ഉറച്ച് മുന്നോട്ടുപോകുകയാണ് മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി. അതേസമയം, ഒരുവിഭാഗം വൈദികർ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.