ഡംപിങ് യാർഡിൽ വീണ്ടും പുക; പരിസരവാസികൾ ദുരിതത്തിൽ

മൂവാറ്റുപുഴ: വളക്കുഴിയിലെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ തീ അണച്ചതിനുപിന്നാലെ വീണ്ടും പുകയുയർന്നത് ദുരിതത്തിലാക്കി. ഡംപിങ് യാർഡിൽ ഞായറാഴ്ച വൈകീട്ടാണ് തീപിടിത്തം ഉണ്ടായത്​. മൂവാറ്റുപുഴയില്‍നിന്ന് മൂന്ന്​ അഗ്​നിരക്ഷാ യൂനിറ്റുകൾ എത്തിയാണ്​ രാത്രി പത്തോടെ തീയണച്ചത്. തീ പടര്‍ന്നതെങ്ങിനെ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇടക്കിടെ ഇവിടെ തീപിടിത്തം ഉണ്ടാകാറുണ്ട്. മാലിന്യത്തിന്​ തീപടര്‍ന്നാല്‍ പ്രദേശമാകെ പുകനിറയുകയും. ജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകുകയും ചെയ്യും. ഇവിടെ അഗ്​നിരക്ഷാസംഘം എത്തി തീയണച്ചെങ്കിലും പുലർച്ച മൂ​േന്നാടെ അസഹ്യമായ പുക ഉയരുകയായിരുന്നു. പ്ലാസ്​റ്റിക് മാലിന്യം അടക്കമുള്ളവയിൽനിന്ന്​ അസഹ്യമായ ദുർഗന്ധത്തോടെ പുകയുയർന്നതോടെ പരിസരവാസികൾക്കടക്കം ശ്വാസംമുട്ടും മറ്റ് അസ്വസ്ഥതകളുമുണ്ടായി. ഇതോടെ പലരും രാത്രിതന്നെ ബന്ധുവീടുകളിലേക്കും മറ്റും മാറി. വിവരമറിഞ്ഞ് പുലർച്ച വീണ്ടും അഞ്ച്​ യൂനിറ്റ് അഗ്​നിരക്ഷാസംഘം സ്ഥലത്തെത്തി. ഏറെ പ്രയത്നത്തിനൊടുവിൽ തിങ്കളാഴ്ച സന്ധ്യയോടെയാണ് പൂർണമായി തീ അണച്ച് പുക ഇല്ലാതാക്കിയത്. നാലേക്കറോളം വരുന്ന ഡംപിങ് യാർഡിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടക്കുന്നില്ല. മാലിന്യം നിറഞ്ഞുകഴിയുമ്പോൾ ഇതിൽ മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്. വീണ്ടും ഇവിടെ മാലിന്യം കൊണ്ടുവന്നുതള്ളും. മണ്ണിടുന്നതി​ൻെറ പേരിൽ കോടികളാണ് നഗരസഭ കണക്കുകളിൽ കാണിക്കുന്നത്. വിവരമറിഞ്ഞ് വാർഡ്‌ അംഗം കൂടിയായ മുനിസിപ്പൽ ചെയർമാൻ പി.പി. എല്‍ദോസി​ൻെറ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.