പുല്ലേപ്പടിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തി​െല പ്രതികൾ പിടിയിൽ

കൊച്ചി: പുല്ലേപ്പടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. നാടകീയ സംഭവങ്ങൾക്കൊടുവിൽ നാല് പ്രതികൾ പിടിയിലായി. പുതുവത്സര പുലരിയിൽ എളമക്കരയിലെ ഒരു വീട്ടിൽ നടത്തിയ കവർച്ച പുറത്താകുമെന്ന്​ ഭയന്നാണ്​ കൊല. മോഷണക്കേസിലെ പ്രതികളിലൊരാളായ ഫോർട്ട്​കൊച്ചി കഴുത്തുമുട്ട് മംഗലത്ത് വീട്ടിൽ ജോബിയാണ്(19) കൊല്ലപ്പെട്ടത്. തോപ്പുംപടി ചുള്ളിക്കൽ മദർതെരേസ ജങ്ഷൻ കൂട്ടുങ്കൽ വീട്ടിൽ ഡിനോയ് ക്രിസ്​റ്റോ(24), മലപ്പുറം തിരൂർ വിഷാറത്ത് വീട്ടിൽ വി. ഹാരിസ് എന്ന സുലു(34), കണ്ണമാലി കാട്ടിപ്പറമ്പ് പട്ടാളത്ത് വീട്ടിൽ മണിലാൽ എന്ന സൂര്യ(19), കൊല്ലം പുനലൂർ വിളക്കുവട്ടം പരപ്പിൽ വീട്ടിൽ പ്രദീപ്(25) എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാളായ ഡിനോയ് ക്രിസ്​റ്റോയുടെ പിതൃസഹോദര​ൻെറ വീട്ടിൽനിന്ന് 130 പവൻ സ്വർണമാണ് ഇവർ മോഷ്​ടിച്ചത്. ത​ൻെറ വീട്ടിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പിതൃസഹോദരനും കുടുംബവും എത്തിയെന്ന് ഉറപ്പാക്കിയശേഷം എളമക്കരയിലെ അവരുടെ വീട്ടിലെത്തി ഡിനോയും സംഘവും കവർച്ച നടത്തുകയായിരുന്നു. രണ്ട് ലക്ഷം രൂപക്കുള്ള സ്വർണം വിറ്റു. മോഷണ മുതൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കവർച്ച നടത്തിയ വിവരം ജോബിയിലൂടെ പുറംലോകമറിഞ്ഞേക്കുമെന്ന മറ്റ് പ്രതികളുടെ ഭയമാണ് കൊലക്ക് കാരണമായതെന്ന് സിറ്റി പൊലീസ് കമീഷണർ നാഗരാജു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജോബിയോട് സ്ഥലത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായിരുന്നില്ല. കവർച്ച നടത്തുന്ന സമയത്ത് ജോബി കൈയുറ ധരിച്ചിരുന്നില്ല. ജോബിയുടെ വിരലടയാളം തിരിച്ചറിഞ്ഞാൽ എല്ലാവരും കുടുങ്ങുമെന്ന് മറ്റുപ്രതികൾ വിശ്വസിച്ചു. ഇതോടെ ജോബിയെ പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിലെത്തിച്ച് അമിതമായി മദ്യം നൽകി. മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നപ്പോൾ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം തിരിച്ചറിയാതിരിക്കാൻ കത്തിക്കുകയും ചെയ്തു. സംഭവം ബുധനാഴ്ച രാവിലെയാണ് പുറം ലോകമറിഞ്ഞത്. ഇതിനിടെയാണ് പ്രതികളെ എളമക്കര മോഷണക്കേസിൽ പൊലീസ് അറസ്​റ്റ്​ ചെയ്തത്. സംശയത്തിൻെറ പശ്ചാത്തലത്തിൽ ജോബിയടക്കമുള്ളവരെ മുമ്പ്​ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വിട്ടയച്ചിരുന്നു. പ്രതികൾ ഇവരെന്ന് ഉറപ്പിച്ച് അറസ്​റ്റ്​ ചെയ്തപ്പോൾ ജോബി എവിടെയെന്ന് മറ്റ് പ്രതികളോട് പൊലീസ് ചോദിച്ചു. ഈ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്​തമാക്കി. മോഷണക്കേസിലെ പ്രതികളിൽ ഓരോരുത്തർക്കും കൊലപാതകത്തിൽ എത്രത്തോളം പങ്കുണ്ടെന്ന് പരിശോധിച്ച് വരികയാണ്​. കൊലപാതക കേസിൽ അറസ്​റ്റ്​ രേഖപ്പെടുത്തുന്നതിന് നിയമനടപടികൾക്കായി കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിൽ മോഷണക്കേസിലാണ് നാല് പേരുെടയും അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.