കൊച്ചിൻ കോളജിൽ പ്രവേശനത്തിന് കോഴ: വിജിലൻസ് രക്ഷിതാക്കളിൽനിന്ന്​ മൊഴിയെടുത്തു

മട്ടാഞ്ചേരി: കൊച്ചിൻ കോളജിൽ സർക്കാർ സീറ്റിൽ പ്രവേശനത്തിന്​ കോഴ വാങ്ങിയ സംഭവത്തിൽ വിജിലൻസ് സംഘം വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന്​ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം ബി.എ ഇക്കണോമിക്സ് പ്രവേശനത്തിന് സർക്കാർ സീറ്റിൽ കൈക്കൂലിയായി 1.35 ലക്ഷം രൂപ വാങ്ങവെയാണ് കോളജ് ജീവനക്കാരനായ എൽ.ഡി ക്ലർക്ക് ബിനീഷിനെ വിജിലൻസ് പിടികൂടിയത്. ഇതേതുടർന്ന് കോളജ് മാനേജ്മൻെറിനെതിരെ നിരവധി പരാതി ഉയർന്നിരുന്നു. മട്ടാഞ്ചേരി നഗരസഭയായിരിക്കേ അവർ നൽകിയ സ്ഥലത്താണ് സുമനസ്സുകളുടെയും നാട്ടുകാരുടെയും സഹായത്തോടെ കോളജ് പണിതത്. പിടികൂടിയ ബിനീഷ് ബിനാമിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കോഴക്ക് പിന്നിലെ വൻശക്തികളെ പുറത്ത് കൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഫോർട്ട്​കൊച്ചി ജനമൈത്രി കേന്ദ്രത്തിലാണ് മൊഴിയെടുപ്പ് നടന്നത്. 27 രക്ഷിതാക്കളിൽനിന്ന്​ മൊഴിയെടുത്തു. അടുത്ത ദിവസം തേവരയിലും രക്ഷിതാക്കളിൽനിന്നുള്ള മൊഴിയെടുപ്പ് നടത്തുമെന്ന് ഡിവൈ.എസ്.പി ടി.എം. വർഗീസ് 'മാധ്യമ'ത്തോട് പറഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐമാരായ പ്രതാപചന്ദ്രൻ, ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഒാഫിസർ ആൻറണി എന്നിവരടങ്ങുന്ന സംഘമാണ് മൊഴികൾ ശേഖരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.