ഉദ്യോഗസ്ഥ അനാസ്ഥ പശ്ചിമകൊച്ചിക്കാരുടെ കുടിവെള്ളം മുടങ്ങി

മട്ടാഞ്ചേരി: നെട്ടൂർ പമ്പ് ഹൗസിൽനിന്ന് പടിഞ്ഞാറൻ കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പിന്റെ തകരാർ പരിഹരിക്കാത്ത ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ പടിഞ്ഞാറൻ കൊച്ചിയിലെ കുടിവെള്ള വിതരണം അവതാളത്തിലാക്കി. ഒറ്റ ദിവസം കൊണ്ട് പരിഹരിക്കേണ്ട തകരാറാണ്​ അധികൃതരുടെ അനാസ്ഥ മൂലം അനാവശ്യമായി നീളുന്നത്​. തകരാർ തിങ്കളാഴ്ച പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പടിഞ്ഞാറൻ കൊച്ചിയിലെ മൂന്ന് ലക്ഷം ജനങ്ങളെ ബാധിക്കുന്ന വിഷയത്തിലാണ് ജല അതോറിറ്റി അധികൃതർ അനാസ്ഥ കാണിച്ചത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ചെയ്യേണ്ട ജോലികൾ ഒരു കരാറുകാരനെ മാത്രം ഏൽപ്പിച്ചതാണ് നീണ്ടുപോകാൻ കാരണം. കരാറുകാരനാകട്ടെ പ്രശ്നം ലാഘവത്തോടെ കണ്ട് നാമമാത്രമായ ജോലിക്കാരെ മാത്രം നിർത്തി ജോലി ചെയ്യിച്ചതോടെ ദുരിതത്തിലായത് പടിഞ്ഞാറൻ കൊച്ചിയിലെ ജനങ്ങളാണ്. കുടിവെള്ളമില്ലാതെ രാവിലെ മുതൽ ജനങ്ങൾ നെട്ടോട്ടത്തിലാണ്. പൈപ്പിലൂടെ ഒഴുകിയെത്തുന്ന ജലത്തെ മാത്രം ആശ്രയിച്ചാണ് പശ്ചിമകൊച്ചി നിവാസികൾ കഴിയുന്നത്. ഭൂഗർഭ ജലത്തിന് കാഠിന്യമുള്ളതിനാൽ കുടിക്കാനോ, കുളിക്കാനോ പറ്റാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെയും, കരാറുകാരന്‍റെയും അനാസ്ഥ ദുരിതമായത്. തകരാർ ഞായറാഴ്ച ഉച്ചയോടെ മാത്രമേ പരിഹരിക്കാൻ കഴിയൂ. അതുവരെ കുടിവെള്ള വിതരണം അവതാളത്തിലാകും. തകരാർ പരിഹരിക്കുന്നതിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കരാറുകാരന്റെ ലൈസൻസ് സസ്പെൻഡ്​ ചെയ്യണമെന്നും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് ആവശ്യപ്പെട്ടു. ചിത്രം: മരടിൽ കുടിവെള്ള പൈപ്പിന്‍റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്ന തൊഴിലാളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.