മത്സ്യത്തൊഴിലാളി സമരജാഥ ഇന്ന് ജില്ലയിൽ

മത്സ്യത്തൊഴിലാളി സമര ജാഥ ഇന്ന് ജില്ലയിൽ പറവൂർ: കണ്ണീർ വറ്റാത്ത കടലിന്‍റെ മക്കളും കര കയറാത്ത കടൽത്തീരവും എന്ന മുദ്രാവാക്യവുമായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്‍റ്​ ഉമർ ഒട്ടുമ്മൽ നയിക്കുന്ന സമര ജാഥ തിങ്കളാഴ്ച ജില്ലയിൽ എത്തും. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കുകയും കടൽ കോർപറേറ്റുകൾക്ക് മാത്രമായി വിട്ടുകൊടുക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നവ നിയമ നിർമാണങ്ങൾക്കെതിരെയാണ് ജാഥ. മത്സ്യബന്ധന യാനങ്ങൾക്ക് സമീപ സംസ്ഥാനങ്ങളെപ്പോലെ 20 രൂപ നിരക്കിൽ ആവശ്യമായ മണ്ണെണ്ണ നൽകുക, രാജ്യാതിർത്തികൾ സംരക്ഷിക്കുന്നതിന് തുല്യമായ വിധം കടലാക്രമണത്തിൽനിന്നും കടൽത്തീരം സംരക്ഷിക്കുക, മത്സ്യലേല അവകാശം മത്സ്യത്തൊഴിലാളികൾക്ക് നിഷേധിക്കുന്ന സർക്കാർ നിയമം പിൻവലിക്കുക, മത്സ്യത്തൊഴിലാളി ഭവന നിർമാണ പദ്ധതി പുനഃസ്ഥാപിക്കുക, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ ആനുകൂല്യങ്ങൾ കാലാനുസൃതമായി വർധിപ്പിക്കുക, ക്ഷേമനിധി ബോർഡിൽ ആവശ്യമായ ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കുക, രണ്ടര വർഷമായി തടഞ്ഞുവെച്ചിരിക്കുന്ന വിവാഹ ധനസഹായം ഉടൻ വിതരണം ചെയ്യുക, ഇരട്ട പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ജാഥയിൽ ഉന്നയിക്കുന്നു. അഴീക്കോട്ടെ സ്വീകരണശേഷം ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥക്ക് എസ്.ടി.യു. എറണാകുളം ജില്ല പ്രസിഡന്‍റ്​ ടി.എസ്. അബൂബക്കർ, ജന.സെക്രട്ടറി കരിം പാടത്തിക്കര എന്നിവരുടെ നേതൃത്വത്തിൽ വരവേൽപ്​ നൽകും. ആദ്യസ്വീകരണം വൈകീട്ട് 4 ന് ഫെഡറേഷൻ ചിറ്റാറ്റുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. ചിറ്റാറ്റുകര - നീണ്ടൂർ ജുമാ മസ്ജിദിന് സമീപം നടക്കുന്ന സ്വീകരണത്തിൽ മേഖല പ്രസിഡന്‍റ്​ കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിക്കും. തുടർന്ന് എടവനക്കാട് സ്വീകരണം. ശേഷം ഫോർട്ട്​കൊച്ചിയിൽ സമാപനം. ജൂൺ ഒന്നിന് സെക്രട്ടേറിയറ്റ് മാർച്ചോടെ സമര ജാഥ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.