പെരുമ്പാവൂര്‍: മഴക്കാലമായതോടെ മേഖലയില്‍ വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണം വ്യാപകമാകുന്നു. ചൊവ്വാഴ്ച രാത്രി വട്ടക്കാട്ടുപടി കാനാമ്പുറം വീട്ടില്‍ കെ.എം.എസ്. മുഹമ്മദിന്റെ വീട്ടില്‍നിന്ന് 16 പവന്‍ കവര്‍ന്നു. ഇതോടെ ഈ മാസം രണ്ടാമത്തെ കവര്‍ച്ചയാണ് നടന്നത്. ഒരാഴ്ചമുമ്പ് പൂപ്പാനി തിവെള്ളച്ചാലില്‍ അക്ഷയയില്‍ വിജയന്റെ വീട്ടില്‍നിന്ന് അഞ്ചുപവന്‍ മോഷ്ടിച്ചു. വിജയനും കുടുംബവും വിനോദയാത്രക്ക് പോയിരിക്കുകയായിരുന്നു. വാതിലുകളും അലമാരയും തകര്‍ത്തായിരുന്നു മോഷണം. മുഹമ്മദിന്റെ വീട്ടില്‍ രാത്രിയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. ഉറങ്ങിക്കിടന്ന മുഹമ്മദും കുടുംബവും പിറ്റേന്ന് രാവിലെയാണ് വിവരം അറിഞ്ഞത്. വലിയ അടച്ചുറപ്പുള്ള രണ്ട് വീടുകളിലും നടന്ന മോഷണം ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. പൊലീസ് വിരളടയാളം ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം നടത്തിവരുന്നു. എന്നാല്‍, കഴിഞ്ഞ കാലങ്ങളില്‍ നടന്ന മോഷണ കേസുകളിലെ പ്രതികളെ പിടികൂടാത്തതുകൊണ്ട് പെരുമ്പാവൂര്‍ പൊലീസിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കാത്ത സാഹചര്യമാണുള്ളത്. 2020 ജൂണ്‍ 26ന് നെടുന്തോട് മുച്ചേത്ത് വീട്ടില്‍ പരേതനായ എം.എസ്. മുഹമ്മദിന്റെ വീട്ടില്‍നിന്ന് 18 പവന്‍ കവര്‍ന്നതും അതിനുമുമ്പുള്ള കേസുകളിലും മോഷ്ടാക്കളെ പിടികൂടാന്‍ ആയിട്ടില്ല. ഇതേ വര്‍ഷം ഫെബ്രുവരി 29ന് കടുവാള്‍ സ്വദേശി കിരണിന്റെ വീട്ടില്‍നിന്ന് ഏഴ് പവനും 6000 രൂപയും മോഷ്ടിക്കപ്പെട്ടു. ഇതിന് തൊട്ടുമുമ്പ് കടുവാള്‍ മാടപ്പറമ്പന്‍ വര്‍ഗീസിന്റെ വീട്ടില്‍ മോഷണശ്രമം നടന്നു. കാഞ്ഞിരക്കാട് ജുമാമസ്ജിന്റെ ഓഫിസ് കുത്തിത്തുറന്ന് പണം കവര്‍ന്നവര്‍ ഇതുവരെ പിടിയിലായിട്ടില്ല. നഗരത്തിലെ നിരവധി കടകളില്‍ കഴിഞ്ഞ മഴക്കാലത്തും കോവിഡ് സമയത്തും രാത്രികാലങ്ങളില്‍ മോഷണം നടന്നിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നടന്ന മോഷണങ്ങള്‍ക്കെല്ലാം ഏറക്കുറെ സമാനതകളുണ്ടെന്ന് അന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. തെളിവുകള്‍ അവശേഷിപ്പിക്കാതെ വിദഗ്ധമായാണ് മോഷണം. സി.സി ടി.വി ഉണ്ടെങ്കില്‍ എടുത്തുമാറ്റിയും മുഖം മറച്ചുമായിരുന്നു മിക്ക മോഷണങ്ങളും. 2020ല്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുടെ കീഴില്‍ രണ്ട് സി.ഐമാരും മൂന്ന് എസ്.ഐമാരും ഉള്‍പ്പെടെ 10 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. മഴ ശക്തമാകുന്നതോടെ പൊലീസിന്റെ രാത്രികാല പരിശോധന വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി റെസിഡന്റ്‌സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.