മാവേലിക്കര: കോവിഡ് ബാധിതയായ മാതാവിന് ചികിത്സ നൽകാതെ മരണത്തിനിടയാക്കിയെന്ന് ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കൈയേറ്റംചെയ്ത കേസിൽ പൊലീസുകാരനെ കോടതി വെറുതെ വിട്ടു. സിവിൽ പൊലീസ് ഓഫിസർ മാവേലിക്കര ഉമ്പർനാട് അഭിലാഷ് ഭവനത്തിൽ അഭിലാഷ് ആർ. ചന്ദ്രനെയാണ് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജെഫിൻരാജ് തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്.
2021 മേയ് 14നായായിരുന്നു കേസിനാസ്പദമായ സംഭവം. മാവേലിക്കര ജില്ല ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് എത്തിച്ച അഭിലാഷിന്റെ മാതാവ് ലാലിക്ക് സമയത്ത് ചികിത്സ നൽകാതെ വീഴ്ചവരുത്തി മരണത്തിനിടയാക്കി എന്നാരോപിച്ച് അഭിലാഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവിനെ മർദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കേസ്.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിഭാഗത്തുനിന്ന് 108 ആംബുലൻസ് ഡ്രൈവറെ സാക്ഷിയായി വിസ്തരിച്ചിരുന്നു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സുനിൽ മഹേശ്വരൻ പിള്ള, വി.ജി. വിശാൽകുമാർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.