കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ്​ ഉയർന്നു

ആലപ്പുഴ: കനത്തമഴക്ക്​ നേരിയ ശമനമുണ്ടായെങ്കിലും കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വീണ്ടും ജലനിരപ്പ്​ ഉയർന്നു. കുട്ടനാട്​ താലൂക്കിൽ രണ്ടുവീടുകൾ ഭാഗികമായി തകർന്നു. കിഴക്കൻ വെള്ളത്തി​െൻറ കുത്തൊഴുക്കിൽ ജനജീവിതം ദുസ്സഹമായി. കാലവർഷം കനത്താൽ പ്രളയസമാനമായ സാഹചര്യത്തിലേക്ക്​ കാര്യങ്ങൾ എത്തുമെന്ന്​​ ആശങ്കയുണ്ട്​.

വ്യാഴാഴ്‌ച രാവിലെ വരെ പെയ്​ത മഴ പകൽസമയങ്ങളിൽ മാറിനിന്നത്‌ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്​ നേരിയ ആശ്വാസമായി.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കൂടിയത്‌ ഗതാഗതം ദുഷ്‌കരമാക്കി. വ്യാഴാഴ്‌ച രാവിലെ എട്ടുവരെ 49.9 മി.മീറ്റർ മഴയാണ്​ പെയ്​തതെന്നാണ്​​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ കണക്ക്‌.

നെടുമുടി, പള്ളാത്തുരുത്തി, കാവാലം, കൈനകരി, പുളിങ്കുന്ന്​, എടത്വ അടക്കമുള്ള പ്രദേശങ്ങളിലെ പാടശേഖരങ്ങളിലും വീടുകളിലും വെള്ളംകയറിയിട്ടുണ്ട്​. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ മനയ്​ക്കച്ചിറ, പൂപ്പള്ളി, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, മ​ങ്കൊമ്പ്​ എന്നിവിടങ്ങളിലാണ്​ വെള്ളംകയറി ഗതാഗതം തടസ്സമായത്​. ലോക്​ഡൗണിൽ അവശ്യസാധനങ്ങളുമായെത്തുന്ന വലിയവാഹനങ്ങൾ മാത്രമാണ്​ കടന്നു​പോകുന്നത്​.

കിഴക്കൻ വെള്ളത്തി​െൻറ വരവിൽ കുട്ടനാട്​, അപ്പർകുട്ടനാട്​ പ്രദേശങ്ങൾ പൂർണമായും മുങ്ങി. ജലനിരപ്പ്​ ഉയർന്നതോടെ നദീതീരങ്ങളിലും പാടശേഖരങ്ങളിലെ പുറംബണ്ടുകളിലും ഒറ്റപ്പെട്ട്​ താമസിക്കുന്നവരുടെ സ്ഥിതി ദയനീയമാണ്​.

വെള്ളംകയറാത്ത പ്രധാനപാതയിലും പാലങ്ങളിലും ഇരുചക്രവാഹനം അടക്കമുള്ള സ്വകാര്യവാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്​. കോവിഡ്​ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ പലർക്കും അവശ്യസാധനങ്ങൾ വാങ്ങാൻപോലും പുറത്തിറങ്ങാൻ കഴിയാത്തസാഹചര്യമുണ്ട്​. പലറോഡുകളി​ലും ഗതാഗതം നിലച്ചതോടെ കോവിഡ്​ രോഗികളടക്കമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾക്ക്​ ​േപാലും എത്താനാകുന്നില്ല​. പാടശേഖരങ്ങളിലെ വെള്ളക്കെട്ട്​ ഒഴിവാക്കാൻ പമ്പിങ്​ നടത്തണം.

ജില്ല ഭരണകൂടം പ്രശ്നത്തിൽ ഇടപെട്ട്​ പമ്പിങ് നടത്തണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. അപ്പർകുട്ടനാട്ടിൽ മഴക്കെടുതിയിലാണ്​ ഏറെയും നാശം. കനത്തകാറ്റിൽ മരം കടപുഴകിയും സംരക്ഷണഭിത്തി ഇടിഞ്ഞും റോഡിലും വീടുകളുടെ പരിസരത്തും വെള്ളം ഉയർന്നുമാണ്​. പമ്പ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ്​ ഉയരുന്നതും ആശങ്കയുണ്ട്​.

നെഞ്ചിടിപ്പോടെ അപ്പർ കുട്ടനാട്​

ആലപ്പുഴ: അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ജനങ്ങൾ ആശങ്കയിലായി. എടത്വ, നിരണം, തലവടി, മുട്ടാര്‍, വീയപുരം, ആയാപറമ്പ്, തകഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ​​ വെള്ളത്തിൽ മുങ്ങി. പമ്പ,അച്ചന്‍കോവില്‍, മണിമല ആറ്റില്‍ വെള്ളം ക്രമാതീതമായി ഉയർന്നതോ​െടയാണ്​ ജലം വീടുകളിലേക്ക്​ ഇരച്ചെത്തിയത്​.

ജനജീവിതം ദുസ്സഹമായതോ​െട കോവിഡ്​ രോഗികളടക്കമുള്ളവരെ സുരക്ഷിതസ്ഥലത്തേക്ക്​ മാറ്റി. കോവിഡ്​ വ്യാപനത്തിൽ പലരും ദുരിതാശ്വാസക്യാമ്പുകൾ ഒഴിവാക്കിയിരുന്നു. വളർത്തുമൃഗങ്ങളെയും സാധനസാമഗ്രികളും കൂട്ടി ബന്ധുവീട്ടിലേക്കും താൽക്കാലിക സ്ഥലങ്ങളിലേക്കുമാണ്​ അഭയംതേടിയത്​. ​തലവടി കുന്നുമ്മാലില്‍ കുതിരച്ചാല്‍ കോളനിയിലെ നിരവധി കുടുംബങ്ങളാണ് വെള്ളക്കെടുതിയില്‍ ദുരിതംഅനുഭവിക്കുന്നത്.

രണ്ട് ദിവസമായി പത്തനംതിട്ട ജില്ലയില്‍ അതിതീവ്രമഴ ലഭിച്ചതാണ് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. നദീതീരങ്ങളിലും പാടശേഖര പുറംബണ്ടുകളിലും താമസിക്കുന്നവര്‍ ഭയത്തോടാണ് അന്തിയുറങ്ങുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ ജനങ്ങൾ ആശങ്കയിലാണ്​.

റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും ക്യാമ്പുകള്‍ തുടങ്ങിയിട്ടില്ല. എന്നാൽ, കോവിഡ് രോഗികളെയും ക്വാറൻറീനിൽ കഴിയുന്നവരെയും പ്രത്യേകകാമ്പുകളിലേക്ക്​ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്​. വെള്ളക്കെടുതി രൂക്ഷമായ തലവടി പഞ്ചായത്തിലെ കുന്നുമ്മാലില്‍ കുതിരച്ചാല്‍ കോളനിയില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, വാര്‍ഡ് മെംബര്‍ കൊച്ചുമോള്‍ ഉത്തമന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചക്കുളത്തുകാവിലമ്മ ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസക്യാമ്പ് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ഗായത്രി ബി. നായര്‍ പറഞ്ഞു. വെള്ളം ക്രമാതീതമായി ഉയര്‍ന്നാല്‍ ബദല്‍ സംവിധാനം ഒരുക്കും.

Tags:    
News Summary - flood in kuttanadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.