ആ​ല​പ്പു​ഴ പോ​പ്പി അം​ബ്ര​ല മാ​ർ​ട്ടി​ൽ കു​ട വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്

സ്കൂൾ വിപണിയിൽ താരമായി കാർട്ടൂൺ കഥാപാത്രങ്ങൾ

ആലപ്പുഴ: സ്കൂൾ വിപണിയിൽ വൈവിധ്യമാർന്ന ബാഗുകളിലും കുടകളിലും നിറയുന്നത് കാർട്ടൂൺ കഥാപാത്രങ്ങൾ. സ്കൂൾ തുറക്കാൻ ഒരാഴ്ചമാത്രം അവശേഷിക്കെ സ്കൂൾ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കൊച്ചുകൂട്ടുകാരെ ആകർഷിക്കാൻ ഇൻറർനെറ്റിലും ഓൺലൈനിലും പരതി പുത്തൻ ട്രെൻഡ് വിപണിലെത്തിച്ചുള്ള ഇത്തവണത്തെ കച്ചവടം പൊടിപൊടിക്കുമെന്നാണ് കണക്കുകൂട്ടൽ. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഭാരക്കുറവുള്ള ബാഗുകൾക്കാണ് പ്രിയം. അതിൽ കാർട്ടൂൺ കഥാപാത്രങ്ങൾ ആലേഖനം ചെയ്‌ത ഗ്രാഫിക് ഡിസൈനുകൾക്കാണ് ആവശ്യക്കാർ ഏറെ.

സ്‍പൈഡര്‍മാന്‍, ഡോറ, അവഞ്ചേഴ്‍സ്, ബാര്‍ബി തുടങ്ങിയ ചിത്രങ്ങളോട് കൂടിയവയാണ് ബാഗുകൾ. സ്‍കൂള്‍ ബാഗുകള്‍ക്ക് 300 മുതലാണ് 1200 രൂപവരെയാണ് വില. വലുപ്പത്തിനും ഗുണമേന്മക്കും അനുസരിച്ച് വ്യത്യാസമുണ്ടാകും. ബ്രാന്‍ഡഡ് ബാഗുകള്‍ക്കാണ് ആവശ്യക്കാരേറെ. ഇതിനൊപ്പം പ്രാദേശികമായി നിർമിക്കുന്ന ബാഗുകളും സജീവമായിട്ടുണ്ട്. നീണ്ട അവധിക്കുശേഷം സ്കൂൾ വീണ്ടും സജീവമാകുമ്പോൾ പുത്തൻബാഗും കുടയും ചെരിപ്പും ഷൂസുമെല്ലാം രക്ഷിതാക്കൾക്ക് അധിക ചെലവ് ഉണ്ടാക്കും. വിലവർധനയിൽ പോക്കറ്റ് കാലിയാകുമെന്ന ആശങ്കയിലാണിവർ.

പ്രമുഖ കുടക്കമ്പനികളെല്ലാം ഇത്തവണ വില വർധിപ്പിച്ചിട്ടുണ്ട്. കുടകള്‍ക്കും നിറങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്ക് അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. കുട്ടികള്‍ക്കായുള്ള ബ്രാന്‍ഡഡ് കുടകള്‍ക്കാണ് ഡിമാൻഡ്. ചൈനീസ് കുടകള്‍ 140 രൂപ മുതല്‍ ലഭ്യമാണ്. രണ്ടു മുതൽ അഞ്ചു മടക്കിന്‍റെവരെ വ്യത്യസ്ത നിറങ്ങളിലും പ്രിൻറുകളിലുമുള്ള കുടകളുണ്ട്.

വാട്ടര്‍ ബോട്ടില്‍, റെയിന്‍കോട്ട്, ലഞ്ച് കിറ്റ്, സ്റ്റീല്‍, പ്ലാസ്റ്റിക് ചോറ്റുപാത്രം, ഇന്‍സ്ട്രുമെന്‍റ് ബോക്സ്, സാധാരണ ബോക്‍സ്, പഴ്സ്, പൗച്ച് തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. വെള്ളക്കുപ്പി മുതല്‍ പെന്‍സില്‍വരെയുള്ള സാധനങ്ങൾക്കും പുതുമയുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിലയും ഉയര്‍ന്നു. പ്ലാസ്റ്റിക്, സ്റ്റീല്‍ എന്നിവക്ക് 40 മുതല്‍ 700 രൂപവരെയുള്ള വെള്ളക്കുപ്പികളുണ്ട്. 90 രൂപ മുതലാണ് ചോറ്റുപാത്രത്തിന് വില. ഇതിന്‍റെ വലുപ്പവും ഗുണമേന്മയും അനുസരിച്ച് വില ഉയരും. പെന്‍സില്‍, പേന, ബുക്ക്, ഇറേസര്‍ എന്നിവയും കടകളില്‍ നിറഞ്ഞിട്ടുണ്ട്. ചെറിയ കുട്ടികളെ ആകര്‍ഷിക്കാന്‍ മാലാഖ, മീന്‍, രാജ്ഞിയുടെ കിരീടം, വിവിധ മൃഗങ്ങള്‍ തുടങ്ങിയ രൂപങ്ങളിലാണ് ഇറേസറുകള്‍. മൂന്നുരൂപ മുതല്‍ പേനകളും അഞ്ചുരൂപ മുതല്‍ പെന്‍സിലുകളും ലഭ്യമാണ്. കുട്ടികൾക്കായി വ്യത്യസ്തവർണങ്ങൾ നിറയുന്ന മഴക്കോട്ടുകളുണ്ട്.

Tags:    
News Summary - Cartoon characters star in the school market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.