വള്ളികുന്നം: വള്ളികുന്നത്തെ അയ്യൻകാളി സാംസ്കാരിക സമിതിഓഫിസിനുനേരെ ആക്രമണം നടത്തിയ കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ. ഇലിപ്പക്കുളം ഐശ്യര്യ ഭവനിൽ പോപ്പി (ആകാശ് -22), ഓച്ചിറ ഞക്കനാൽ കൊച്ചുപുരകിഴക്കതിൽ അജിത് (29), വള്ളികുന്നം ജോതിഷ് ഭവനത്തിൽ ജോതിഷ് തമ്പി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുമ്പ് വള്ളികുന്നം പടയണി വട്ടം ക്ഷേത്രവളപ്പിൽ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ആകാശ്. പിടിക്കപ്പെട്ടവരിൽ കൂടുതൽ പേരും വിവിധ കേസുകളിൽ പ്രതികളാണ്.
ഇതോടെ സംഭവത്തിലെ പത്ത് പ്രതികളും പിടിയിലായി. നേരത്തേ വള്ളികുന്നം രാഹുൽ ഭവനത്തിൽ ഗോകുൽ (ഉണ്ണി -24), കോട്ടക്കകത്ത് വീട്ടിൽ പ്രത്യുഷ് ( ഉണ്ണി -32), കാരാഴ്മ അസീം ഭവനത്തിൽ അസിം (22), കണ്ണനാകുഴി ശ്രീകൃഷ്ണ ഭവനത്തിൽ ദീപു ( ചിക്കു -33), അഖിൽ ഭവനത്തിൽ വീട്ടിൽ അഖിൽ (നന്ദു 24), ആകാശ് ഭവനത്തിൽ ആകാശ് (സുമിത് -27), ആതിരാലയത്തിൽ അനന്ദു പ്രകാശ് (30) എന്നിവർ അറസ്റ്റിലായിരുന്നു.
23ന് രാത്രിയായിരുന്നു അയ്യൻകാളി സാംസ്കാരിക സമിതിക്ക് നേരെ അക്രമണം ഉണ്ടായത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ ആക്രമണത്തിൽ വള്ളികുന്നം ഗിരീഷ് ഭവനത്തിൽ ഗിരീഷ് (42), കോയിക്കര തറയിൽ വിഷ്ണു (28), കൊണ്ടോടി മുകളിൽ സുരേഷ് ഭവനത്തിൽ സുരേഷ് (38) എന്നിവർക്ക് പരിക്കേറ്റിരുന്നു. സമിതിയുടെ ജനലുകളും കസേരകളും തകർന്നിരുന്നു.
ബഹളം കേട്ട് ഓടി എത്തിയവരെയും വഴിയോരത്ത് നിന്നവരെയുമാണ് അക്രമിച്ചത്. ഇതിനുശേഷം മുങ്ങിയ പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്നുമാണ് പിടികൂടിയത്.
സർക്കിൾ ഇൻസ്പക്ടർ എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ എസ്.ഐ കെ. അജിത്, എ.എസ്.ഐ വി.ആർ. രാജീവ്, സി.പി.ഒമാരായ ജിഷ്ണു, അനസ്, മഹേഷ്, സതീഷ്, ഷൈബു, അഖിൽ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.