അരൂർ: ദേശീയപാതയിൽ അരൂർ - കുമ്പളം പാലത്തിൽ രൂപംകൊണ്ട അപകടക്കുഴികൾ മഴക്ക് തെല്ല് ശമനം കിട്ടിയ ഒഴിവിൽ അധികൃതർ അടക്കാനെത്തി.അരൂർ - കുമ്പളം ഇരട്ടപ്പാലങ്ങളിൽ പഴയ പാലത്തിലാണ് നിറയെ കുഴികൾ നിറഞ്ഞത്.പാലത്തിന്റെ മേൽത്തട്ടിലുള്ള കോൺക്രീറ്റ് സ്ലാബുകൾക്കിടയിലുള്ള വിടവുകളിലാണ് വലിയ കുഴികൾ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കുഴികൾ നിറഞ്ഞ പാലത്തിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. കുഴികളിൽ വെള്ളം നിറഞ്ഞു കിടന്നത് അറിയാതെ ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീഴുന്നത് പതിവായി. ഇത് ഗതാഗത സ്തംഭനത്തിനും ഇടയാക്കി.പരാതികൾ കടുത്തപ്പോൾ ദേശീയപാത അതോറിറ്റി കുഴികൾ അടയ്ക്കാൻ തയ്യാറായെങ്കിലും കനത്ത മഴയിൽ അറ്റകുറ്റപ്പണികൾ തുടങ്ങാൻ കഴിഞ്ഞില്ല. ഒരുമാസം മുമ്പ്
വൈറ്റിലക്ക് വടക്കുവശം മുതൽ അരൂർ - കുമ്പളം പാലം വരെ 15 കിലോമീറ്റർ ദേശീയപാതയിൽ 177 കുഴികൾ അടച്ചതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കാലവർഷം എത്തുന്നതിനു മുൻപേ ഉണ്ടായ മഴയിൽ കുഴികൾ പിന്നെയും രൂപപെട്ടെന്ന് അധികൃതർ പറഞ്ഞു. ഒരു കിലോമീറ്റർ ഓളം ദൂരമുള്ള പാലത്തിൽ നിറയുന്ന മഴവെള്ളം ഒഴുകിപ്പോകുന്നതിനുപാലത്തിൽ ഉണ്ടാക്കിയിട്ടുള്ള മാർഗങ്ങൾ അടഞ്ഞുപോകുന്നതാണ് പാലത്തിൽ ഗട്ടറുകളുണ്ടാകാൻ കാരണം.
ഇപ്പോൾ ദേശീയപാത അതോറിറ്റി അധികൃതർ നേരിട്ടെത്തിയാണ് കുഴികൾ അടക്കുന്നത്. ടാർമിശ്രിതം വാഹനത്തിൽ എത്തിച്ച് കുഴികളിൽ നിറച്ച് ഉറപ്പിച്ചാണ് താത്കാലിക അറ്റകുറ്റപ്പണി നടത്തുന്നത്. ഉയരപ്പാത നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം രണ്ടു പാലങ്ങളിലെയും മേൽത്തട്ട് പൊളിച്ച് പുനർനിർമാണം നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.