മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

ആറാട്ടുപുഴ:  മയക്കുമരുനുമായി യുവാക്കൾ പിടിയിൽ.  സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ പത്തു ഗ്രാം മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിൻ(എം.ഡി.എം.എ.) പൊലീസ് പിടികൂടി. രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തു. ആറാട്ടുപുഴ കിഴക്കേക്കര പുതിയവിള നന്ദനത്തിൽ ജിഷ്ണു അജി(20), പുത്തൻപുരക്കൽ അലൻ വി. ദാസ്(21)എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഞായറാഴ്ച ഉച്ചയോടെ ഇവരുടെ വീടുകളിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കനകക്കുന്ന് പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. ജിഷ്ണുവിന്റെ വീട്ടിൽ നിന്ന് മൂന്നു ഗ്രാമാണ് കിട്ടിയത്. അലന്റെ വീട്ടിൽ ഏഴു ഗ്രാം എം.ഡി.എം.എ.യാണ് സൂക്ഷിച്ചിരുന്നത്. വിദ്യാർഥികളെ ലക്ഷ്യമിട്ട് എം.ഡി.എം.എ., എൽ.എസ്.ഡി, കഞ്ചാവ് എന്നിവ എത്തുന്നതായി ജില്ലാ പൊലീസ് മേധാവി ജി. ജയദേവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായി ഇതര സംസ്ഥാനങ്ങളിൽ പോയി വരുന്ന യുവാക്കളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

കായംകുളം, കനകക്കുന്ന് ഭാഗങ്ങളിൽ ചെറുകിട വിൽപനക്കായാണ് എം.ഡി.എം.എ. കൊണ്ടുവന്നതെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. കർണാടകയിൽ നിന്നാണ് വാങ്ങിയത്. ഗ്രാമിന് രണ്ടായിരം മുതൽ അയ്യായ്യിരം രൂപ വരെ മുൻകൂട്ടി പറഞ്ഞുറപ്പിച്ചായിരുന്നു വിൽപന. മാസത്തിൽ രണ്ടു മൂന്നു തവണ ഇങ്ങനെ വിൽപന നടത്തിയിരുന്നു. ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നവരെയും ഇവരുടെ കൈയ്യിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെപ്പറ്റിയും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. എം.കെ. ബിനുകുമാർ, കായംകുളം ഡി.വൈ.എസ്.പി.അലക്‌സ് ബേബി എന്നിവരുടെ നേതൃത്വത്തിൽ കനകക്കുന്ന് എസ്.എച്ച്.ഒ. വി. ജയകുമാർ, എസ്.ഐ. മാരായ ഷാബുമോൻ ജോസഫ്,  ജി. ബൈജു, ഡാൻസാഫ് എസ്.ഐ. ഇല്യാസ്, എ.എസ്.ഐ. സന്തോഷ്, ജാക്‌സൺ, സി.പി.ഒ. മാരായ ഹരികൃഷ്ണൻ, ഷാഫി, രതീഷ്, അനസ് എന്നിവരാണ് പരിശോധന നടത്തിയത്. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Youth arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.