അഴീക്കൽ ഭാഗത്തെ കടൽത്തീരം കടലായി മാറിയപ്പോൾ
ആറാട്ടുപുഴ: ഒരുവശത്ത് കരയെടുത്തുപോയതിന്റെ ദുഃഖവും മറുവശത്ത് പുതിയകര നൽകിയതിന്റെ സന്തോഷവും. കായംകുളം ഹാർബറിന് ഇരുവശത്തുമുള്ള ഈ വിചിത്രകാഴ്ച ഇപ്പോൾ കൗതുകമാണ്. കടൽ ഒരുഭാഗത്ത് കരകവർന്നെടുത്തപ്പോൾ തൊട്ടടുത്ത ഭാഗത്ത് പുതിയ തീരം രൂപപ്പെട്ടതാണ് കാരണം. കായംകുളം ഹാർബറിന്റെ തെക്കേക്കരയായ കൊല്ലം ജില്ലയിലെ അഴീക്കൽ പ്രദേശം അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ്.
കണ്ണെത്താദൂരത്തോളം പരന്നുകിടന്ന മനോഹരമായ കടൽത്തീരമായിരുന്നു ഇവിടുത്തെ പ്രധാന ആകർഷണം. ഇരിക്കാൻ കടൽഭിത്തിയോട് ചേർന്ന് പടവുകളുമുണ്ട്. മുമ്പ് ഈ പടവുകളിൽനിന്ന് 200 മീറ്ററോളം അകലെയായിരുന്നു കടലെങ്കിൽ ഇന്ന് ഒരുതുണ്ട് മണ്ണുപോലും അവശേഷിക്കുന്നില്ല. തിരമാലകൾ ഇപ്പോൾ പടവുകളിലാണ് വന്നടിക്കുന്നത്. മേയ്-ജൂൺ മാസങ്ങളിലുണ്ടായ കടൽ ക്ഷോഭത്തിലാണ് കര പൂർണമായും ഇല്ലാതായത്.
മുമ്പ് ഇവിടം സന്ദർശിച്ചവർക്ക് ഇപ്പോഴത്തെ കാഴ്ച അത്ഭുതവും സങ്കടവും സമ്മാനിക്കും. കടലിന്റെ രൗദ്രഭാവം അല്പം കുറഞ്ഞെങ്കിലും നഷ്ടപ്പെട്ട കര തിരികെ വന്നിട്ടില്ല. ഇതിനുനേരെ വിപരീതമാണ് പുലിമുട്ടിന്റെ വടക്കേക്കരയിലെ കാഴ്ച. ഇവിടെ കടൽ സന്തോഷം നൽകിയിരിക്കുന്നു. തീരെ കുറഞ്ഞ കടൽത്തീരം മാത്രം ഉണ്ടായിരുന്ന ഈ ഭാഗത്ത് ഇപ്പോൾ കണ്ണെത്താദൂരത്തോളം പുതിയ കര രൂപപ്പെട്ടിരിക്കുന്നു.
ഒന്നര കിലോമീറ്ററോളം നീളത്തിലും 50 മീറ്ററോളം വീതിയിലുമാണ് പുതിയ തീരം. 20 വർഷം മുമ്പ് കായംകുളം ഹാർബറിനായി പുലിമുട്ട് നിർമിച്ചശേഷം ഇതാദ്യമായാണ് ഇത്രയും വിശാലമായ തീരം ഇവിടെ ഉണ്ടാകുന്നത്. കടലും ഇവിടെ ശാന്തമാണ്. അനുകൂലസാഹചര്യം ഒരുങ്ങിയതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. കടലിന്റെ വിചിത്രമായ പ്രതിഭാസങ്ങൾ മനസ്സിലാക്കാനും ഈ കാഴ്ച ഉപകരിക്കുന്നു. പുതിയ തീരം എത്രനാൾ നിലനിൽക്കുമെന്നും നഷ്ടപ്പെട്ട കര എപ്പോൾ തിരികെ വരുമെന്നും ആർക്കും ഉറപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.