ആറാട്ടുപുഴ: തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് ഭീതിയിൽ കഴിയുകയാണ് ജനങ്ങൾ. മുമ്പില്ലാത്ത വിധം നായ്ക്കളുടെ എണ്ണം പെരുകിയതോടെ ഇവയെ കൊണ്ടുള്ള ശല്യവും വർധിച്ചു. രാത്രികാലങ്ങളിൽ ഭീതിയോടെ അല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മാസങ്ങൾക്കു മുമ്പ് ആറാട്ടുപുഴ വലിയഴീക്കൽ ഭാഗത്ത് വയോധികയെ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്ന സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. എന്നിട്ടും കാര്യമായ ഒരു നടപടിയും അധികാരികൾ കൈക്കൊണ്ടില്ല. തെരുവ് നായ ശല്യം കൊണ്ട് പല്ലനക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. വീടിനു പുറത്തിറങ്ങാൻ പോലും ജനങ്ങൾ ഭയപ്പെടുന്നു. കഴിഞ്ഞദിവസം പല്ലന കെ.വി ജെട്ടി ഭാഗത്ത് താമസിക്കുന്ന കുമ്പളത്ത് പുത്തൻ പറമ്പിൽ ലൈല ഹമീദിന് (67) തെരുവ് നായയുടെ കടിയേറ്റു. വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് ജോലി ചെയ്യുന്നതിനിടെ നായ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ ലൈല ഹമീദ് ചികിത്സയിലാണ്.
ദിവസങ്ങൾക്കു മുമ്പ് പാലത്തറ ജുമാ മസ്ജിദിന് സമീപം കെട്ടിയിട്ടിരുന്ന പോത്ത് തെരുവ് നായ്ക്കളുടെ കടിയേറ്റ് പേയിളകി ചത്തിരുന്നു. തുടർന്ന് നിരവധി പേരെ നായ ആക്രമിച്ച സംഭവം ഉണ്ടായി. പല്ലന കെ.വി ജെട്ടി ഭാഗത്തും പരിസരങ്ങളിലുമായി 350 ലധികം നായ്ക്കൾ ഉണ്ടെന്ന് പ്രദേശവാസിയായ അഫ്സൽ ഹമീദ് പറയുന്നു. പ്രദേശത്തെ വിജനമായ സ്ഥലങ്ങളിലാണ് അധിക നായ്ക്കളും തമ്പടിക്കുന്നത്. അറവ് ശാലകളും ഇറച്ചിക്കടകളും ഉള്ളതാണ് നായ്ക്കൾ പെരുകാൻ കാരണം. തോപ്പിൽ മുക്ക്, പല്ലന കുമാര കോടി, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലും നായ ശല്യം ഏറെയാണ്.
lzആറാട്ടുപുഴ പഞ്ചായത്തിൽ ബസ് സ്റ്റാൻഡിന് കിഴക്കുഭാഗത്തും മംഗലം, പത്തിശ്ശേരി, എം.എൽ.പി. സ്കൂളിന് സമീപവും, പെരുമ്പള്ളി, വലിയഴീക്കൽ ഭാഗങ്ങളിലും നായ്ക്കൾ ഏറെയാണ്. മംഗലം സ്കൂളിന് സമീപം വലിയ നായ്ക്കൂട്ടമാണ് തമ്പടിക്കുന്നത്. ഇരുചക്രവാഹനങ്ങളിലും കാൽനടയായും യാത്ര ചെയ്യുന്നവരെ തെരുവുനായകൾ പിന്തുടർന്ന് ആക്രമിക്കുന്നത് പതിവായിരിക്കുന്നു. സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്നു. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ നായകൾ ചാടിവീണ് ആക്രമിക്കാൻ ശ്രമിക്കുന്ന സംഭവങ്ങളും വർധിക്കുന്നു. തെരുവുനായ ശല്യം ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായി മാറിയിട്ടും, ഗ്രാമപഞ്ചായത്ത് അധികാരികൾ നിസ്സംഗത തുടരുന്നതിനെതിരെ ജനരോഷം ശക്തമാവുകയാണ്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.