തകർന്ന വീടിന് മുന്നിൽ സുലജ
ആറാട്ടുപുഴ: ‘‘വീഴാറായ ഈ വീടിനുള്ളിൽ മരണം മുന്നിൽ കണ്ടാണ് ഞങ്ങൾ ഓരോ രാത്രിയും കിടക്കുന്നത്. മറ്റൊരു മാർഗവുമില്ല’’. സുലജയുടെ വാക്കുകൾ തീരദേശ ജനതയുടെ ദുരിത ജീവിതത്തിന്റെ നേർചിത്രമാണ്.
ആറാട്ടുപുഴ പത്തിശ്ശേരി ജങ്ഷന് സമീപം വലിയ കടവിൽ പടീറ്റതിൽ സുലജ, ഭർത്താവ് ആനന്ദൻ, മകൾ ആതിര എന്നിവർ കലിതുള്ളി നിൽക്കുന്ന കടലിന് മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ്. ഒരാഴ്ചയായി തുടരുന്ന കടലാക്രമണത്തിൽ ഇവരുടെ വീട് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ഭയമില്ലാതെ ഉറങ്ങിയിട്ട് ഒരാഴ്ചയിലേറെയായി.
45 വർഷം മുമ്പ് ആകെയുള്ള സമ്പാദ്യം കൊണ്ട് 20 സെന്റ് സ്ഥലത്ത് ആരംഭിച്ച ജീവിതം ഇന്ന് മൂന്നോ നാലോ സെന്റിലേക്ക് ചുരുങ്ങി. വീടിന്റെ പിന്നിലായിരുന്നു ഞങ്ങളുടെ ഭൂമി. 32 വർഷം മുമ്പ് നിർമിച്ച കടൽഭിത്തി പൂർണമായും തകർന്നു. ഇപ്പോൾ കടൽ ഞങ്ങളുടെ വീട്ടുചുമരിനോട് ചേർന്ന് നിൽക്കുന്നു. ആനന്ദന്റെ വാക്കുകളിൽ നിരാശയും ഭീതിയും.
ഓരോ തിരമാലയും വീടിന്റെ അടിത്തറയിൽനിന്ന് മണൽ കവർന്നെടുക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് കടൽ വിഴുങ്ങിയ വീടിന് പുറത്തെ ശുചിമുറിക്ക് ശേഷം രണ്ട് ദിവസം മുമ്പ് വീടിനകത്തെ ശുചിമുറിയും തിരകൾ തകർത്തു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ഒരു മാർഗവുമില്ല.
ഇതു പറയുമ്പോൾ സുലജയുടെ സങ്കടം അണപൊട്ടി. ഈ ദുരന്തത്തിനിടയിലും ഞങ്ങളെ ഒരു ദുരിതാശ്വാസ ക്യാമ്പിലേക്ക് പോലും ആരും ക്ഷണിച്ചിട്ടില്ല. വീട്ടുസാധനങ്ങൾ മാറ്റാൻ ഒരു വാടകവീട് പോലും ലഭിക്കുന്നില്ല. അധികാരികൾ ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല. വിവാഹപ്രായമായ മകൾ ആതിരയുമായി ഞങ്ങൾ എങ്ങോട്ട് പോകും?. ഇനി ഞങ്ങൾക്ക് ഒരു വീട് എപ്പോഴാണ് ഉണ്ടാവുക. സുലജ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.