തൃക്കുന്നപ്പുഴ വലിയഴീക്കൽ തീരദേശ റോഡിൽ കടൽവെള്ളം കെട്ടിനിൽക്കുന്നു. ആറാട്ടുപുഴ
കാർത്തിക ജങ്ഷൻ ഭാഗത്തെ ദൃശ്യം
ആറാട്ടുപുഴ: കനത്ത മഴയും ആഞ്ഞടിക്കുന്ന കാറ്റും ശക്തമായ കടലാക്രമണവും തീരവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. തൃക്കുന്നപ്പുഴ, വലിയഴീക്കൽ തീരദേശ റോഡിൽ വെള്ളക്കെട്ടും മണൽ അടിഞ്ഞും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നൂറിലധികം വീടുകളിൽ കടൽവെള്ളം കയറി. നിരവധി കുടുംബങ്ങൾ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ്. മത്സ്യബന്ധനം നിലച്ചതും കണ്ടെയ്നർ മറിഞ്ഞതിനെ തുടർന്ന് മത്സ്യവ്യാപാരം തകർന്നതും തീരവാസികളെ പട്ടിണിയിലാക്കി.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ദുർബലമായ കടൽ ഭിത്തികളെ തകർത്ത് തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. മണൽചാക്കുകളും തടികളും ഉപയോഗിച്ച് വീടുകൾ സംരക്ഷിക്കാനുള്ള അവസാന ശ്രമങ്ങളും ശക്തമായ കടലിൽ നിഷ്ഫലമാകുന്നു. പടിഞ്ഞാറേ ജുമാമസ്ജിദിന് വടക്കുഭാഗം മുതൽ കാർത്തിക ജങ്ഷൻ വടക്ക് വരെയും എ.സി.പള്ളി മുതൽ എം.ഇ.എസ്. ജങ്ഷൻ വരെയുമുള്ള ഭാഗത്താണ് കടലാക്രമണം ഏറെ അനുഭവപ്പെടുന്നത്.
വെള്ളത്തിന്റെ കുത്തൊഴുക്കിൽ കടൽത്തീരത്തു നിന്നും ഏറെ അകലെയുള്ള വീടുകൾ പോലും വെള്ളത്തിലായി. ചേലക്കാട്, പാനൂർ പല്ലന മേഖലകളിൽ നിരവധി വീടുകൾ ഏതു നിമിഷവും തകർന്നടിയാം എന്ന സ്ഥിതിയിലാണ്. തൃക്കുന്നപ്പുഴ വലിയഴീക്കൽ തീരദേശ റോഡിൽ സ്വകാര്യ ബസുകൾ അധികവും സർവീസ് നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.