ആറാട്ടുപുഴ: തൃക്കുന്നപ്പുഴയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചുകുളങ്ങിയിൽ ഷിജുവിന്റെ ഉടമസ്ഥതയിലുള്ള കാർമൽ വള്ളത്തിന്റെ വലയും മറ്റു ഉപകരണങ്ങളും കൊല്ലത്തിന് പടിഞ്ഞാറ് വശം മത്സ്യബന്ധനം നടത്തുന്നതിനിടെ ഉടക്കി നഷ്ടപ്പെട്ടു. വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിലോ കണ്ടൈയ്നറിലോ തട്ടിയതാകാം എന്നാണ് കരുതുന്നത്.
60 ഓളം തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ ഇൻബോർഡ് വള്ളമാണ് ഇത്. നീണ്ടകരക്ക് പടിഞ്ഞാറ് വശം സുരക്ഷിതമെന്ന് നിശ്ചയിച്ച ഭാഗത്ത് മത്സ്യബന്ധനം നടത്തുമ്പോഴാണ് സംഭവം. വലയിൽ കുടുങ്ങിയ സാധനം ഉയർത്താൻ നോക്കിയെങ്കിലും നടന്നില്ല. 1500 കിലോ താങ്ങ് വല, വലയോട് അനുബന്ധിച്ച് ഉള്ള ഈയകട്ട, റോപ്പ് അടക്കം നഷ്ടപ്പെട്ടു. ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പറയുന്നു. 15 തൊഴിലാളികൾ ചേർന്ന് മത്സ്യഫെഡിന്റെയും വ്യക്തികളുടെയും ബാങ്കുകളുടെയും വായ്പ എടുത്താണ് വള്ളവും വലയും മറ്റും തരപ്പെടുത്തിയത്.
കപ്പൽ ദുരന്തത്തെ തുടർന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കപ്പൽ അധികൃതർക്കെതിരെ പോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേന്ദ്ര സർക്കാരും കപ്പൽ കമ്പനിയും മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം കാണമെന്ന് ആവിശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂനിയൻ (സി. ഐ. ടി. യു.) ഹരിപ്പാട് ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. സുധീഷ് മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.