ഷുക്കൂർ ‘കൃഷിയിടത്തിൽ’

മൂക്കു പൊത്തിയും പ്രാകിപ്പറഞ്ഞും മടുത്തപ്പോൾ ഷുക്കൂർ കൃഷി ചെയ്​തു; വിളഞ്ഞത്​ ആശ്വാസക്കനി

 ആറാട്ടുപുഴ: കൃഷി ചെയ്താൽ പലതുണ്ട് പ്രയോജനമെങ്കിലും മാലിന്യം തള്ളുന്നത്​ തടയാനായി എന്നതാണ് ഷുക്കൂറിനെ സംബന്ധിച്ച് വലിയ നേട്ടം. വീടിൻ്റെ സമീപത്തെ റോഡരികിലും ജലാശയത്തിലും വർഷങ്ങളായി തുടരുന്ന മാലിന്യം തള്ളൽ തടയാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കാതെ വന്ന കാര്യം കൃഷി കൊണ്ട് സാധ്യമായതിൻ്റെ സന്തോഷത്തിലാണ് ഇദ്ദേഹം. ഹരിപ്പാട് ഡാണാപ്പടി മാർക്കറ്റിന് സമീപം രാജി ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന മംഗ്ലാവിൽ വീട്ടിൽ രാജി എന്ന് വിളിക്കുന്ന അബ്ദുൽ ഷുക്കൂറിനാണ് (45) കൃഷിയിൽ നിന്നും നൂറുമേനി വിളവിനൊപ്പം മൂക്ക് പൊത്താതെ ജീവിക്കാനുള്ള ഭാഗ്യം കൂടി ലഭിച്ചത്.

വീടിനോടും കടയോടും ചേർന്നാണ് പുല്ലു കുളങ്ങര-ഡാണാപ്പടി റോഡും സമാന്തരമായി കാർത്തികപ്പള്ളി തോടും കടന്നു പോകുന്നത്. തോട്ടിലും റോഡരികിലും പ്ലാസ്റ്റിക് സഞ്ചിയിലും ചാക്കിലും കെട്ടി മാലിന്യം തള്ളുന്നത് സ്ഥിരം സംഭവമായിരുന്നു. ഒഴുക്ക് നിലച്ചതോട്ടിലും റോഡരികിലും മാലിന്യം കിടന്ന് അഴുകി അസഹനീയമായ ദുർഗന്ധവും പരിസ്ഥിതിക പ്രശ്നങ്ങളുമാണ് ഉണ്ടാക്കിയിരുന്നത്. മൂക്കുപൊത്താതെ വീട്ടിലും കടയിലും ഇരിക്കാൻ കഴിയാത്ത അവസ്ഥയായി. ക്യാമറയും മുന്നറിയിപ്പ് ബോർഡുമൊക്കെ സ്ഥാപിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ഒടുവിലാണ് റോഡരികിലെ കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യാമെന്ന ആശയം മനസിലുദിച്ചത്.

50 മീറ്ററോളം നീളത്തിൽ റോഡരിക് വൃത്തിയാക്കി പനിനീർ ചാമ്പ, നെല്ലി, മാതളനാരകം, വെൽവെറ്റ് ആപ്പിൾ, ഞാവൽ, കറിവേപ്പ്, റെഡ് ലേഡി പപ്പായ, വിവിധയിനം വാഴ, മുളക് , കൈതച്ചക്ക, ചേമ്പ്, ചേന തുടങ്ങിയ മരങ്ങൾ നട്ടു. ഇതെല്ലാം വിളവെടുപ്പിൻ്റെ ഘട്ടത്തിലാണ്. കൃഷി തുടങ്ങിയതിന് ശേഷം ഒരു വർഷത്തോളമായി ആരും ഇവിടെ മാലിന്യം തള്ളിയിട്ടില്ലെന്ന് ഷുക്കൂർ പറയുന്നു.

ഒരു പരീക്ഷണമെന്ന നിലയിൽ ആരംഭിച്ച കൃഷി കൊണ്ട് മാലിന്യപ്രശ്നം മാറുകയും വിളവ് പ്രതീക്ഷിച്ചതിലും അപ്പുറം ലഭിക്കുകയും ചെയ്തതോടെ ഷുക്കൂറും ആവേശത്തിലാണ്. ഭാര്യ സിമിയും മക്കളായ ഫിറോസ് മുഹമ്മദ്, ഫാറൂഖ് മുഹമ്മദ്, ഫിദ ഫാത്തിമ എന്നിവരും ഷുക്കൂറിനൊപ്പം കൃഷി പരിപാലനത്തിനുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.