ചേർത്തലയിൽ പടിഞ്ഞാറൻ പ്രദേശം ​വെള്ളത്തിൽ

ചേര്‍ത്തല: രണ്ട് ദിവസമായി പെയ്​ത മഴയിൽ പടിഞ്ഞാറൻ പ്രദേശം വെള്ളത്തിലായി. വൻതോതിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പട്ടണക്കാട് പാറയിൽ വീടുകളിൽ വെള്ളം കയറി. പൂർണമായി വെള്ളം കയറിയ വീട്ടിൽനിന്ന്​ കുടുബത്തെ മാറ്റിപ്പാർപ്പിച്ചു. തങ്കിക്കവലയില്‍നിന്ന്​ വീട്ടിലേക്ക്​ പോകുന്നതിനിടെ സമീപത്തെ വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തില്‍ വീണ്​ വയോധികനായ വാസുദേവൻ മുങ്ങിമരിച്ച പ്രദേശങ്ങളിലടക്കം വെള്ളക്കെട്ട്​ രൂക്ഷമാണ്​. തുറവൂര്‍ പള്ളിത്തോട്ടിലും പാടശേഖരങ്ങളില്‍ ജലനിരപ്പുയരുന്നത്​ ഭീഷണിയാകുന്നുണ്ട്. വേമ്പനാട്ടുകായലിലേക്ക്​ കിഴക്കന്‍ വെള്ളം ഒഴുകിയെത്തി ജലനിരപ്പ്​ ഉയര്‍ന്നിരിക്കുകയാണ്. കടലോരവും തുടര്‍ച്ചയായുള്ള മഴയില്‍ ജാഗ്രതയിലാണ്. കടലേറ്റവും ഭീഷണി സൃഷ്​ടിക്കുന്നുണ്ട്. കടലോര പഞ്ചായത്തുകളായ മാരാരിക്കുളം വടക്ക്, ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട് എന്നിവിടങ്ങളിലും തണ്ണീര്‍മുക്കം, വയലാര്‍, പള്ളിപ്പുറം, പാണാവള്ളി, തൈക്കാട്ടുശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലുമാണ് വീടുകള്‍ കൂടുതലും വെള്ളത്തിലായത്. മഴദുരിതം നേരിടാന്‍ എല്ലാ വില്ലേജിലും ക്രമീകരണങ്ങളായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചു ക്യാമ്പുകള്‍ക്കാണ് ഒരുക്കം. ഇനിയും മഴ തുടര്‍ന്നാല്‍ ക്യാമ്പുകള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. താലൂക്കില്‍ സാഹചര്യങ്ങളില്‍ സഹായങ്ങള്‍ക്ക്​ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്ന് തഹസില്‍ദാര്‍ ആര്‍. ഉഷ 'മാധ്യമ'ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.