രോഗസ്ഥിരീകരണ നിരക്ക് കൂടിയ പഞ്ചായത്തുകളിൽ പരിശോധന കൂട്ടും -കലക്ടർ

ആലപ്പുഴ: കോവിഡ് സ്ഥിരീകരണ നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പഞ്ചായത്തുകളിൽ പരിശോധനയുടെ എണ്ണം കൂട്ടാൻ കലക്​ടർ എ. അലക്സാണ്ടർ നിർദേശിച്ചു. 15 ശതമാനത്തിൽ കൂടുതലുള്ള 16 പഞ്ചായത്തുകളിലെ പ്രസിഡൻറുമാർ, സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്​ എന്നിവരുമായി നടന്ന യോഗത്തിലായിരുന്നു നിർദേശം. കോവിഡ് ബാധിക്കുന്നവർക്ക് വീടുകളിൽ താമസസൗകര്യം ഇല്ലെങ്കിൽ അവരെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. വീടുകളിൽ കൂടുതൽ അംഗങ്ങൾ ഉള്ളവർ, തീരമേഖലയിൽ താമസിക്കുന്നവർ എന്നിവരെ കോവിഡ് പോസിറ്റിവായാൽ നിർബന്ധമായും ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശിച്ചു. ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ ഇനിയും ആരംഭിക്കാത്ത പഞ്ചായത്തുകൾ ഉടൻ തുടങ്ങണം. സമ്പർക്ക വിലക്കിൽ കഴിയുന്നവരും പോസിറ്റിവ് ആയവരും വീടുകളിൽ തന്നെ കഴിയുന്നുണ്ടെന്ന് പഞ്ചായത്തുകൾ ഉറപ്പാക്കണം. നിയന്ത്രിത മേഖല പ്രദേശങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരും പൊലീസും കൂടുതൽ ശ്രദ്ധ ചെലുത്തണം. ആർ.ആർ.ടി അംഗങ്ങളുടെ സേവനവും പഞ്ചായത്തുതലത്തിൽ മെച്ചപ്പെടുത്തണം. സെക്ടർ മജിസ്ട്രേറ്റുമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നോഡൽ ഓഫിസർമാർ എന്നിവർ എല്ലാദിവസവും സ്ഥിതിഗതി വിലയിരുത്തണം. പരിശോധനക്കെന്ന പേരിൽ ആളുകൾ പുറത്തിറങ്ങി നടക്കുന്നത് രോഗവ്യാപനം കൂടാൻ ഇടയാക്കുമെന്നും അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പഞ്ചായത്തുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കലക്ടർ പറഞ്ഞു. ജില്ലയിൽ പല പഞ്ചായത്തുകളിലും ടി.പി.ആർ താഴേക്ക് വന്നത് നല്ല സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. 1280 പേർക്ക് കോവിഡ്; ചികിത്സയിൽ 13,987പേർ ആലപ്പുഴ: ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ 1280 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .1276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1305 പേർ രോഗമുക്തരായി. ആകെ 1,69,605 പേരാണ്​ ഇതുവരെ രോഗമുക്തരായത്​. 13,987 പേർ ചികിത്സയിലുണ്ട്. 11.5 ആണ് രോഗ സ്ഥിരീകരണ നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.