അമ്പലപ്പുഴയിൽ ഏഴ്​ വാട്ടർ ടാങ്കുകൾ നിർമിക്കാൻ പദ്ധതി

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ്​ പുതിയ ഓവർഹെഡ്‌ വാട്ടർടാങ്കുകൾ നിർമിക്കുന്നതിന്​ പദ്ധതി സമർപ്പിക്കാൻ എച്ച്. സലാം എം.എൽ.എ വിളിച്ച ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. നഗരസഭ അതിർത്തിയിൽ രണ്ടും അഞ്ച്​ പഞ്ചായത്തുകളിൽ ഓരോന്നുമാണ് നിർമിക്കുക. ആവശ്യമായ സ്ഥലം പഞ്ചായത്തുകൾ കണ്ടെത്തി നൽകണം. കിഫ്‌ബി പദ്ധതി പ്രകാരമുള്ള ജലസംഭരണികളുടെ നിർമാണവും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കും. തകഴിയിൽ സ്ഥിരമായി പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളിലെ പൈപ്പുകൾ ജലനിരപ്പ് താഴ്ന്നാൽ ഉടൻ മാറ്റി സ്ഥാപിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനും യോഗം തീരുമാനിച്ചു. പൈപ്പ് മാറ്റി സ്ഥാപിക്കുന്ന സമയത്ത് കുടിവെള്ള വിതരണം നിലക്കാതിരിക്കാൻ ഈ ഭാഗത്ത് മറ്റൊരു വഴിയിലൂടെ പൈപ്പ് ഇടാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും. സ്ഥിരമായി കേടുവരുന്ന ഭാഗങ്ങളിലെ ജലജീവൻ സ്കീമിൽ ഉൾപ്പെടുത്തി പൈപ്പുകൾ മാറ്റി സ്ഥാപിക്കും. ഇത്തരം സ്ഥലങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപന അധികാരികൾ വാട്ടർ അതോറിറ്റിയെ അറിയിക്കും. കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങളിലെ പരാതികൾ പരിഹരിക്കാൻ അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡൻറ്​ ഷീബ രാകേഷ്, പഞ്ചായത്ത് പ്രസിഡൻറുമാരായ സജിതസതീഷ്, പി.ജി. സൈറസ്, എസ്. ഹാരിസ്, കെ. കവിത, എ.എസ്. സുദർശനൻ, വാട്ടർ അതോറിറ്റി പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ എ. ഷീജ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ നൂർജഹാൻ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.