കെട്ടുറപ്പില്ലാത്ത വീട്ടിൽനിന്ന്​ നാടിന്​ താങ്ങാകാൻ സുദർശനൻ

അമ്പലപ്പുഴ: കുടിലിൽനിന്ന്​ ജനസേവന രംഗത്തേക്കൊരു ജനപ്രതിനിധി. പുറക്കാട് പഞ്ചായത്ത് 18ാം വാർഡിൽനിന്ന്​ വിജയിച്ച എ.എസ്. സുദർശനൻ കെട്ടുറപ്പില്ലാത്ത ഒരുകൂരയിലാണ് താമസമെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങൾ നേടിക്കൊടുക്കുന്നതിനാണ് ഏറെ താൽപര്യം. രണ്ടുതവണ വിജയിപ്പിച്ചപ്പോ​ഴും ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതല്ലാതെ സ്വന്തമായൊരു വീട് തട്ടിക്കൂട്ടാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. നിർധനരായ കുടുംബങ്ങൾക്ക് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച് നൽകിയ വീടുകളുടെ പരിഗണനയിൽ പുറക്കാട് ലോക്കൽ കമ്മിറ്റി സുദർശന​ൻെറ കുടുംബത്തെ പരിഗണിച്ചിരുന്നു. എന്നാൽ, ഇത്​ ഒരുവിധവയുടെ കുടുംബത്തിന് നൽകാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്. ബോട്ടുകളിൽ മത്സ്യബന്ധനം നടത്തുന്ന ഇദ്ദേഹമാണ് പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച ജനപ്രതിനിധി. സുദർശനൻ 2005ലും 2010ലും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. 2005ൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പുറക്കാട് ഡിവിഷനിൽനിന്നാണ് വിജയിച്ചത്. 2010ൽ പുറക്കാട് ഗ്രാമപഞ്ചായത്തിലേക്ക് 18ാം വാർഡിൽനിന്ന്​ വിജയിച്ച സുദർശനനായിരുന്നു പ്രസിഡൻറ്. ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരിക്കുമ്പോൾ അർഹരായ നിരവധി പേർക്ക് വീട് അനുവദിച്ചു നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വഹിച്ചപ്പോൾ മത്സ്യഫെഡ് മുഖേന നൂറുകണക്കിന് കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കിയിട്ടുണ്ട്. എങ്കിലും ത​ൻെറ കുടുംബത്തിന് തലചായ്ക്കാൻ കെട്ടുറപ്പുള്ള ഒരു വീടിനായി അദ്ദേഹം ശ്രമിച്ചില്ല. യു.ഡി.എഫി​ൻെറ തട്ടകമായിരുന്ന 18ാം വാർഡ് 2010ൽ സുദർശനനാണ് പിടിച്ചെടുത്തത്‌. കഴിഞ്ഞ തവണ വനിത സംവരണമായിരുന്ന 18ാം വാർഡിൽ ബി.ജെ.പിയാണ് വിജയിച്ചത്. ഇത്തവണ സുദർശനൻ വീണ്ടും പിടിച്ചെടുത്തു. തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാർഥി​െയക്കാൾ 520 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുദർശനൻ വിജയിച്ചത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ എ.എസ്. സുദർശനൻ മത്സ്യത്തൊഴിലാളി യൂനിയൻ അമ്പലപ്പുഴ ഏരിയ സെക്രട്ടറികൂടിയാണ്. മാതാവ് പരേതയായ വിജയമ്മ. ചെമ്മീൻ പീലിങ് തൊഴിലാളിയായ കവിതയാണ് ഭാര്യ. മക്കൾ അർജുൻ, ദർശന. ചിത്രം: APG50 Sudarsanan - എ.എസ്. സുദർശനനും ഭാര്യ കവിതയും വീടിനുമുന്നിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.