ആലപ്പുഴയിൽ റോഡ് അപകടങ്ങൾ കുറയുന്നു

1816 വാഹനങ്ങൾക്കെതിരെ കേസ്​; 4,37,6759 രൂപ പിഴ ചുമത്തി ആലപ്പുഴ: ജില്ലയിൽ റോഡ്​ അപകടങ്ങൾ കുറയുന്നു. ജനുവരി മുതൽ നവംബർവരെ ജില്ലയിലുണ്ടായ 2244 റോഡപകടങ്ങളിൽ 213 പേരാണ്​ മരിച്ചത്​. കഴിഞ്ഞവർഷം ഇതേകാലയളവിൽ 3295 അപകടങ്ങളിലായി 373 പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. നിലവിലെ കണക്കനുസരിച്ച്​ കഴിഞ്ഞ വർഷത്തെക്കാൾ അപകടങ്ങൾ 31.9 ശതമാനവും മരണം 42.9 ശതമാനവും കുറവാണ്​ രേഖപ്പെടുത്തിയത്​. സംസ്ഥാനത്ത്​ ഏറ്റവും കൂടുതല്‍ റോഡ്​ അപകടങ്ങളുണ്ടാകുന്ന 10 ബ്ലാക്സ്‌പോട്ടുകളില്‍ ഏഴും ആലപ്പുഴ ജില്ലയിലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തി​ൻെറ റിപ്പോർട്ടിന്​ പിന്നാലെയാണിത്​. അപകടങ്ങളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് ആലപ്പുഴ അരൂര്‍ ബൈപാസ് മുതല്‍ അരൂര്‍ ക്ഷേത്രം വരെയുള്ള ദേശീയപാത 66ലെ ബ്ലാക്സ്‌പോട്ടാണ്. ഇവിടെ 164 അപകടങ്ങളില്‍ 26പേരാണ് മൂന്ന് വര്‍ഷത്തിനിടെ മരിച്ചത്. സേഫ് കേരള സ്ക്വാഡ് ഈമാസം നടത്തിയ വാഹന പരിശോധനയിൽ 1816 വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഈ ഇനത്തിൽ 4,37,6759 രൂപ പിഴചുമത്തി. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന്​ 572പേർക്കെതിരെയും ഹെൽമറ്റ് ധരിക്കാതെ പിറകിൽ ഇരുന്നു യാത്രചെയ്ത 128 പേർക്കെതിരെയും കേസെടുത്തു. നികുതി അടക്കാത്ത 81 വാഹനങ്ങളും സൈലൻസറടക്കം രൂപമാറ്റം വരുത്തിയ 25 വാഹനങ്ങളും ഫാൻസി നമ്പർ ബോർഡ്​ വെച്ച 51 വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാത്ത 81 വാഹനങ്ങളും ലൈസൻസ് ഇല്ലാത്ത 62പേർക്ക് എതിരെയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ച നാലുപേർക്കെതിരെയും മെബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച 49 പേർക്കെതിരെയും ഓവർലോഡ്‌ കയറ്റിയതിന് 51വഹനങ്ങൾക്കെതിരെയും സൺഫിലിം ഒട്ടിച്ച 189 വാഹങ്ങൾക്കെതിരെയും എയർ ഹോൺ ഘടിപ്പിച്ച 81 വാഹനങ്ങൾക്കും കേസെടുത്തു. കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനിച്ചു. നാഷനൽ ഹൈവേയിൽ ബസ് ബേയിൽ നിർത്താതെ മറ്റ്​ സ്ഥലങ്ങളിൽ യാത്രക്കാരെ കയറ്റിയിറക്കുന്ന ബസ് ജീവനക്കാർക്കെതിരെയും ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ്​ ചെയ്യുന്നതുൾപ്പെടെ കർശന നടപടിയെടുക്കുമെന്ന്​ എൻഫോഴ്സ്മൻെറ്​ ആർ.ടി.ഒ വേണുഗോപാലൻ പോറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.