തോപ്പിൽ ഭാസിയുടെ തട്ടകത്തിൽ നാടകക്കാരുടെ അരങ്ങേറ്റം

തദ്ദേശീയം കായംകുളം: മലയാള നാടകവേദിയുടെ ആത്മാവും നിറസാന്നിധ്യവുമായിരുന്ന തോപ്പിൽ ഭാസിയുടെ തട്ടകമായ വള്ളികുന്നത്തെ തെരഞ്ഞെടുപ്പ് അരങ്ങിനെ സജീവമാക്കി മാറ്റുരക്കാൻ നാടക്കാരും. കെ.പി.എ.സിയിലെ നടൻ തോപ്പിൽ പ്രദീപ് (50), നടനായിരുന്ന ജി. രാജീവ്കുമാർ (47), നാടകകൃത്തും അഭിനേതാവുമായ മനോജ് കീപ്പള്ളി (52) എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇതിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറായ രാജീവ്കുമാറും സി.പി.െഎക്കാരനായ മനോജ് കീപ്പള്ളിയും 18ാം വാർഡിൽ നേർക്കുനേർ ഏറ്റുമുട്ടുകയാണ്. കടുവുങ്കൽ 16ാം വാർഡിലാണ് പ്രദീപ് സി.പി.െഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്. നാട്ടിൽ വിപ്ലവത്തി​ൻെറ കനൽ കത്തിച്ച ഭാസിയുടെ പ്രശസ്ത നാടകമായ നിങ്ങളെന്നെ കമ്യൂണിസ്​റ്റാക്കി, അശ്വമേധം തുടങ്ങിയവയിൽ പ്രദീപ് ഇപ്പോഴും വേഷമിടുന്നുണ്ട്. ഭാസിയുടെ സഹോദരനും പ്രശസ്ത നടനുമായിരുന്ന തോപ്പിൽ കൃഷ്ണപിള്ളയുടെ മകനാണ്. കമ്യൂണിസ്​റ്റാക്കിയിൽ 'കറമ്പനെ' അവതരിപ്പിച്ചത്​ കൃഷ്​ണപിള്ളയാണ്​. കറമ്പനായി തന്നെയാണ് പ്രദീപും വേഷമിട്ടത്​. കൂടാതെ 'മുടിയനായ പുത്രനിലും' പിതാവ് ചെയ്ത ശാസ്ത്രികളുടെ വേഷമിടാനും ഭാഗ്യമുണ്ടായി. നിങ്ങളെന്നെ കമ്യൂണിസ്​റ്റാക്കിയുടെ രണ്ടാംഭാഗം എന്ന നിലയിൽ ഭാസിയുടെ മകൻ തോപ്പിൽ സോമൻ തയാറാക്കിയ 'ഏനും ഏ​ൻെറ തമ്പ്രാനും' നാടകത്തിലൂടെയാണ് പ്രദീപ് അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. തോപ്പിൽ കലാവിഹാറിലാണ് താമസം. ഇരുപതോളം നാടകങ്ങളിൽ ഇതിനകം വേഷമിട്ടു. തെരഞ്ഞെടുപ്പ് ഗോദയിലെ കന്നിമത്സരത്തിൽ കോൺഗ്രസിലെ ചൂനാട്ട് വിജയൻപിള്ളയെയാണ് നേരിടുന്നത്. 2005ലാണ് രാജീവ് കെ.പി.എ.സിയുടെ ഭാഗമായത്. അമച്വർ നാടകങ്ങളിലെ അഭിനയമികവിലാണ് കെ.പി.എ.സിയിൽ എത്തുന്നത്. രാഷ്​ട്രീയ രംഗത്ത് സജീവമായതോടെ അഭിനയത്തിൽനിന്ന്​ പിന്തിരിഞ്ഞു. 10 വർഷത്തോളം പഞ്ചായത്ത്​ അംഗമായിരുന്നു. 1985 മുതൽ നാടകരംഗത്തുള്ള മനോജ് എഴുപതോളം നൃത്തനാടകങ്ങളുടെ രചയിതാവ് കൂടിയാണ്. ഒാച്ചിറ സരിഗയിലും ആവിഷ്കാരയിലുമാണ് അഭിനേതാവായി നിറഞ്ഞുനിന്നത്. നാടകരചന, ഗാനങ്ങൾ, സംവിധാനം തുടങ്ങിയ മേഖലകളിൽ ഒരുപോലെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സീരിയലിനായി തിരക്കഥ രചിച്ചിട്ടുള്ള മനോജ് ടെലിഫിലിം സംവിധായകനുമാണ്. ----------വാഹിദ് കറ്റാനം------ ചിത്രം: APL പ്രദീപ്, APL രാജീവ്കുമാർ, APL മനോജ് കീപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.