അര്‍ബുദ രോഗബാധിതനായ യുവാവ് ദുരിതത്തില്‍

കാവാലം: അര്‍ബുദ രോഗബാധിതനായ യുവാവ് തുടര്‍ ചികിത്സക്ക്​ പണമില്ലാതെ ദുരിതത്തില്‍. നീലംപേരൂര്‍ പഞ്ചായത്ത് നാരകത്തറ എസ്.എസ് നിവാസില്‍ വിശ്വനാഥ​ൻെറ മകന്‍ സന്ദീപാണ്​(37) പ്ലാസ്​റ്റിക് സര്‍ജറി അടക്കം അടിയന്തരമായി ചെയ്യേണ്ട ചികിത്സക്ക്​ പണിമില്ലാതെ വലയുന്നത്. വര്‍ഷങ്ങളായി പല്ലുവേദന ഉണ്ടായിരുന്ന സന്ദീപിന് രണ്ടര വര്‍ഷം മുമ്പാണ് വായക്കുള്ളില്‍ അര്‍ബുദം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചു. ഇതിനോടകം 26 തവണ റേഡിയേഷന്‍ നടത്തി. മരപ്പണിക്കാരനായ സന്ദീപിന് ജോലിക്ക് പോകാനാകാതെ വന്നു. രോഗബാധിതരായ മാതാപിതാക്കളുടെ പെന്‍ഷന്‍ തുകയും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നല്‍കിയ ചെറിയ സഹായങ്ങളുമാണ് ഇതുവരെയുള്ള ചികിത്സക്ക്​ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ മൂന്നാഴ്ച കൂടുമ്പോള്‍ കീമോതെറാപ്പിയുണ്ട്. ഇതിനിടയില്‍ മാത്രമുള്ള മരുന്നിനായി 20,000 രൂപയിലേറെ വേണം. കാരുണ്യ പദ്ധതിയിലുള്ള സഹായം നിലച്ചതോടെ സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകളും ലഭ്യമല്ലാതായതായി സന്ദീപി​ൻെറ ഭാര്യ വിന്‍സി പറയുന്നു. രോഗബാധ മൂര്‍ഛിച്ചതോടെ കവിള്‍ ഒട്ടി വായ തുറക്കാന്‍ ബുദ്ധിമുട്ടായി. ഇതിന് ശസ്ത്രക്രിയയും പ്ലാസ്​റ്റിക് സര്‍ജറിയും നിർദേശിച്ചിരിക്കുകയാണ്. ഇത് അടിയന്തരമായി ചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ നിർദേശം. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കുമായി ആറ് ലക്ഷത്തോളം രൂപ വേണ്ടി വരും. ഭാര്യ നടത്തുന്ന മാടക്കടയാണ് ഇപ്പോള്‍ ഉപജീവന മാര്‍ഗം. എന്നാല്‍, അതുകൊണ്ട് ചികിത്സക്ക്​ ഒന്നുമാകില്ല. സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. സന്ദീപിനെ സഹായിക്കാൻ കാവാലം എസ്.ബി.ഐ ശാഖയിൽ അകൗണ്ട്​ തുറന്നിട്ടുണ്ട്​. നമ്പർ 37329818589. ഐ.എഫ്.എസ്.സി കോഡ്: SBIN 0070229. ഫോണ്‍: 8129441403.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.