കൗൺസിലർമാർക്കെതിരായ അച്ചടക്കനടപടിക്ക് അംഗീകാരം

കായംകുളം: നഗരസഭയിലെ അഴിമതി​െക്കതിരെ പ്രതികരിച്ചതിന് കൗൺസിലർമാക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിക്ക് സി.പി.എം ജില്ല നേതൃത്വത്തിൻെറ അംഗീകാരം. അതേസമയം നടപടി ലഘൂകരിച്ചതിലൂടെ ഏരിയ കമ്മിറ്റിയുടെ തീരുമാനം അതേപടി അംഗീകരിച്ചില്ല. എൽ.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡറായ ഏരിയ കമ്മിറ്റി അംഗം എസ്. കേശുനാഥിനെ ഒരുവർഷത്തേക്ക് സസ്പെൻഡ്​ ചെയ്തത് ആറുമാസമായി ചുരുക്കി. ലോക്കൽ കമ്മിറ്റി അംഗവും ഫ്രാക്​ഷൻ ലീഡറുമായിരുന്ന എ. അബ്​ദുൽ ജലീലിനെ പുറത്താക്കിയ നടപടി ഒരുവർഷത്തെ സസ്പെൻഷനായും പരിമിതപ്പെടുത്തിയത് ജില്ല സെക്രട്ടറി ആർ. നാസറാണ് റിപ്പോർട്ട് ചെയ്തത്. നഗരസഭ ഭരണനേതൃത്വത്തിൻെറ തെറ്റായ നിലപാടുകളെയും അഴിമതിയും ചോദ്യംചെയ്തതാണ് ഇവർക്കെതിരെയുള്ള നടപടിക്ക് കാരണമായത്. നടപടി അംഗീകരിച്ചവരെക്കൂടാതെ അബ്​ദുൽ മനാഫ്, റജില നാസർ, അനിത ഷാജി, സുഷമ അജയൻ എന്നീ കൗൺസിലർമാരാണ് ചെയർമാൻെറ ഭരണവീഴ്ചകൾക്കെതിരെ നിലപാട് സ്വീകരിച്ചത്. ഇവർക്കെതിരെയുള്ള നടപടി താക്കീതിൽ ഒതുക്കി. നേതൃത്വത്തിൻെറ കണ്ണിലെ കരടായിമാറിയ കേശുനാഥിനും ജലീലിനും എതിരായ കർശനനടപടിക്ക് പിന്നിൽ വിഭാഗീയ താൽപര്യങ്ങളുണ്ടെന്ന ചർച്ച പാർട്ടിക്കുള്ളിൽ സജീവമാണ്. അതേസമയം നടപടി അംഗീകരിക്കുന്നതിനുമുമ്പു തന്നെ ഇവരുടെ പ്രവർത്തനഘടകങ്ങളിൽനിന്ന്​ ഒഴിവാക്കിയ ഏരിയ കമ്മിറ്റിയുടെ നടപടി വിമർശനത്തിനിടയാക്കിയിരുന്നു. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ മാസ്​റ്ററാണ് ഏരിയ കമ്മിറ്റിയുടെ സംഘടനപരമായ വീഴ്ച ജില്ല സെക്ര​േട്ടറിയറ്റിൽ ചൂണ്ടിക്കാട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കർശന നടപടികളിലേക്ക് പോകരുതെന്നും നിർദേശിച്ചു. തുടർന്ന് മാറ്റിനിർത്തിയിരുന്ന കേശുനാഥിനെ മൂന്നുദിവസം മുമ്പ് കൂടിയ ഏരിയ കമ്മിറ്റിയിൽ പ​െങ്കടുപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകര​ൻെറ സാന്നിധ്യത്തിൽ കൂടിയ ജില്ല കമ്മിറ്റിയാണ് നടപടി സംബന്ധിച്ച അന്തിമതീരുമാനം സ്വീകരിച്ചത്. ബുധനാഴ്ച വൈകീട്ട് കൂടിയ യോഗത്തിൽ ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.