ഗുണനിലവാരമുള്ള മത്സ്യം ന്യായവിലയിൽ എത്തിക്കും -മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: ഗുണനിലവാരമുള്ള മത്സ്യം ന്യായവിലയിൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് പൊതുമരാമത്ത്​ മന്ത്രി ജി. സുധാകരൻ പറഞ്ഞു. മത്സ്യഫെഡി​ൻെറ കളർകോട്ടെ ഫിഷ് മാർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2019-20ൽ ഫിഷ്മാർട്ടുകളിൽനിന്ന്​ 55 കോടിയുടെ വിറ്റുവരവാണ്​ ഉണ്ടായത്. മത്സ്യഫെഡി​ൻെറ 'തീരത്തുനിന്ന് വിപണിയിലേക്ക്' പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നേരിട്ട് അവരിൽനിന്ന് സംഭരിച്ച് ഗുണമേന്മ നഷ്​ടപ്പെടാതെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് ജില്ലയിൽ ആരംഭിക്കുന്ന നാലാമത്തെ ഫിഷ് മാർട്ടാണ് കളർകോട് ഗാന്ധി ജങ്​ഷൻ സമീപം ആരംഭിച്ചത്. ജില്ലയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി സംഭരിക്കുന്ന മത്സ്യം വൃത്തിയാക്കി വിപണനം നടത്തും. മത്സ്യ അച്ചാറുകൾ, മത്സ്യകട്​ലറ്റ്, റെഡി ടു ഈറ്റ് (ചെമ്മീൻ റോസ്​റ്റ്​, ചെമ്മീൻ ചമ്മന്തിപ്പൊടി), മത്സ്യക്കറിക്കൂട്ടുകൾ, കയ്റ്റോൺ ഗുളികകൾ തുടങ്ങിയവയും മത്സ്യമാർട്ട് വഴി ലഭ്യമാകും. രാവിലെ ഏഴ്​ മുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തന സമയം. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ ജേക്കബ് ജോണിന് മത്സ്യം കൈമാറി നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ആദ്യവിൽപന നടത്തി. മത്സ്യഫെഡ് ജില്ല മാനേജർ കെ. സജീവൻ, ജനപ്രതിനിധികൾ, വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.