വി.എസ്.എസ്.സി ട്രെയിനിക്ക് കോവിഡ്: 50 ഓളം ജീവനക്കാർ നിരീക്ഷണത്തിൽ, കൂടുതൽ കരുതൽ വേണമെന്ന് മന്ത്രി

തിരുവനന്തപുരം: വി.എസ്.എസ്.സിയിലെ എൻജിനീയറിങ് ട്രെയിനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് യുവാവുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിലുള്ള അമ്പതോളം ജീവനക്കാരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയായ 25കാരന് കോവിഡ് സ്ഥിരീകരിച്ചത്. ആരിൽനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. ജൂൺ 26ന് രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നതിന് മുന്നോടിയായി ഇദ്ദേഹം പൗണ്ടുകടവിലെ എസ്.എസ്.എൽ.വി ഡിവിഷനിലടക്കം വിവിധ വി.എസ്.എസ്.സി കേന്ദ്രങ്ങളിലേക്ക് എത്തിയിട്ടുണ്ട്. നെയ്യാറ്റിൻകരയിൽനിന്ന് വി.എസ്.എസ്.സിയുടെ ബസിലാണ് ഇദ്ദേഹം ഓഫിസിലേക്ക് വന്നിരുന്നത്. അതിനാൽ ഇദ്ദേഹത്തോടൊപ്പം ബസിൽ യാത്ര ചെയ്ത ജീവനക്കാരെയും ക്വാറൻറീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന ജീവനക്കാരുടെ വിവരങ്ങൾ അധികൃതർ ആരോഗ്യവകുപ്പിന് കൈമാറി. വരും ദിവസങ്ങളിൽ ഇവരുടെ സ്രവപരിശോധന നടത്തും. കഴിഞ്ഞമാസം 26ന് മണക്കാട് സ്വദേശിയായ വി.എസ്.എസ്.സി ജീവനക്കാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും തമ്മിൽ നേരിട്ട് യാതൊരു ബന്ധവുമില്ലെന്നാണ് വി.എസ്.എസ്.സി അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം രണ്ട് ജീവനക്കാർക്ക് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചതിനാൽ വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ കൂടുതൽ കരുതൽ ആവശ്യമുണ്ടെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ആളുകൾ നിരന്തരം വന്നുപോകുന്ന സ്ഥലമാണ് വി.എസ്.എസ്​.സി. ഇവിടെ വരുന്ന എല്ലാവരെയും പരിശോധിക്കാൻ ഡയറക്ടർക്ക് കലക്ടർ നിർദേശം നൽകിയിതായും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.