മത്സ്യവുമായി ബോട്ടുകളെത്തി; നിയന്ത്രണങ്ങളിൽ അതൃപ്തി

*നീണ്ടകരയിൽ തർക്കം, ബോട്ടുകൾ മീൻ ഇറക്കിയില്ല കൊല്ലം: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം കടലിൽപോയ ബോട്ടുൾ മത്സ്യവുമായി തിരികെയെത്തി. തിരക്കും ആരവങ്ങളും ഉണ്ടാകേണ്ട ഹാർബറുകളിൽ പക്ഷേ, കാര്യമായ അനക്കമുണ്ടായില്ല. ചെമ്മീൻ ഉൾപ്പെടെ നല്ലരീതിയിൽ ലഭിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിച്ചതാണ് തിരക്ക് കുറയാൻ കാരണം. ഇത് നീണ്ടകരയിൽ തർക്കത്തിനും ഇടയാക്കി. ഇവിടെ മത്സ്യം തരംതിരിക്കാൻ തൊഴിലാളികളെ ഹാർബറിലേക്ക് പ്രവേശിപ്പിക്കാത്തത് ബോട്ടുടമകളുടെ പ്രതിഷേധത്തിനിടയാക്കി. കയറ്റുമതിക്ക് മത്സ്യം വാങ്ങുന്ന വ്യാപാരികളും കുറഞ്ഞു. അമ്പതിനായിരം രൂപയോളം വിലകിട്ടേണ്ട സ്ഥാനത്ത് പതിനായിരം രൂപക്കുവരെ വിൽപന നടത്തി മടങ്ങേണ്ട സ്ഥിതിയായിരുന്നെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മത്യാസ് പറഞ്ഞു. നീണ്ടകരയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കൊല്ലത്ത് മത്സ്യവിൽപന ഏറക്കു​െറ സുഗമമായിരുന്നു. ബോട്ടിൽതന്നെ തൊഴിലാളികൾ മത്സ്യം ​െതരഞ്ഞെടുത്താണ് ഹാർബറിൽ എത്തിച്ചത്. നേര​േത്ത മത്സ്യം കൂട്ടിയിട്ട്​ മറ്റ് തൊഴിലാളികൾ തരംതിരിച്ചാണ് ലേലം വഴി വിറ്റിരുന്നത്. ഇത് ഇല്ലാതായതോടെ കൂടുതൽ സമയം ചെലവഴിക്കേണ്ട സ്ഥിതിയായി. നീണ്ടകരയിലേതൊഴിച്ചാൽ മത്സ്യവിപണം സുഗമമായിരുന്നെന്ന്​ മത്സ്യത്തൊഴിലാളി യൂനിയൻ പ്രസിഡൻറ് എച്ച്. ബേസിൽലാൽ പറഞ്ഞു. 150 ബോട്ടുകളാണ് ബുധനാഴ്ച മത്സ്യബന്ധനത്തിന് പോയത്. വ്യാഴാഴ്ചയും 150 ബോട്ടുകൾ പോയിട്ടുണ്ട്. നമ്പർ അടിസ്ഥാനത്തിൽ നിയന്ത്രണം നിലനിൽക്കുന്നതിനാലാണിത്. ജാഗ്രത പോർട്ടൽ വഴിയുള്ള രജിസ്ട്രേഷനും ആരോഗ്യപരിശോധനകളും പൂർത്തിയാക്കിയ തൊഴിലാളികൾക്ക് മാത്ര​േമ ബോട്ടിൽ പോകാൻ അനുമതിയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.