മന്ത്രിയുടെ മണ്ഡലത്തിലെ കന്നുകാലി ചെക്പോസ്​റ്റ്​ തകർച്ചയിൽ

പുനലൂർ: മൃഗസംരക്ഷണവകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽപെടുന്ന തെന്മലയിലെ കന്നുകാലി ചെക്പോസ്​റ്റ്​ ശോച്യാവസ്ഥയിലായിട്ടും പുനർനിർമിക്കാൻ നടപടിയില്ല. മൃഗസംരക്ഷണവകുപ്പിൻെറ ആർ.പി ചെക്പോസ്​റ്റിനാണ് ഈ ദുർഗതി. വർഷങ്ങൾ പഴക്കത്താൽ തകർച്ചയിലായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വനം വകുപ്പി​ൻെറ അധീനതയിലുള്ളതാണ് ഈ ക്വാർട്ടേഴ്സ്. തമിഴ്നാട്ടിൽനിന്നുൾപ്പെടെ കേരളത്തിലേക്ക് കന്നുകാലികൾ, കോഴി, താറാവ് ആട്, മുട്ട, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയൊക്കെ കൊണ്ടുവരുമ്പോൾ പരിശോധിക്കേണ്ടയിട​ം ജീർണിച്ച നിലയിലാണ്​. മഴയിൽ ചോർന്നൊലിച്ച് ഓഫിസ് രേഖകൾ നശിക്കുന്നു. കന്നുകാലികളെ ഇറക്കി പരിശോധിക്കാൻ റാമ്പില്ല. കുത്തിവെപ്പോ ഇയർ ടാഗ് ഇടലോ നടത്താൻ സംവിധാനമില്ല. വാഹനത്തിലുള്ളവർ കൊണ്ടുവരുന്ന രേഖകൾ പരിശോധിച്ച് ആടുമാടുകളെയും ഇറച്ചിക്കോഴിയെയും പാലുമൊക്കെ കടത്തിവിടലിനേ ഇവിടെ മാർഗമുള്ളൂ. വനം മന്ത്രിയും മൃഗസംരക്ഷണമന്ത്രിയും ഒരാളാണ്. വകുപ്പുതല തർക്കമാണ് സ്ഥലം വിട്ടുനൽകലിനും ചെക് പോസ്​റ്റ്​ നവീകരണത്തിനും തടസ്സം. ഇക്കാര്യത്തിൽ മന്ത്രിയും ഇടപെടുന്നില്ല. അതിർത്തിപ്രദേശമായ ആര്യങ്കാവിൽനിന്ന് 13 കിലോമീറ്റർ പിന്നിട്ട് തെന്മലയിലാണ് ചെക്പോസ്​റ്റ്​ എന്നതും ഏറെ വിചിത്രമാണ്. ഊടുവഴികളിലൂടെ പരിശോധനയില്ലാതെ ആടുമാടുകടത്ത് നടക്കുന്നുണ്ട്. ചെക്പോസ്​റ്റി​ൻെറ ഉദ്ദേശ്യലക്ഷ്യങ്ങൾ നടപ്പാക്കാൻ നിലവിൽ കഴിയുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.