തദ്ദേശ തെരഞ്ഞെടുപ്പ്: നവംബർ നാലിനും അഞ്ചിനും വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പ്രവാസികൾക്കും അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി ഈ മാസം 4,5 തീയതികളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്കാണ് പേര് ചേർക്കാൻ അവസരമുള്ളതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാം.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ https://sec.kerala.gov.in എന്ന വെബ്​സൈറ്റിൽ കയറിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനായുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. ഈ നോട്ടീസിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ അവശ്യമായ രേഖകൾ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.

ഇലക്ടറൽ രജിസ്​ട്രേഷൻ ഓഫിസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ നവംബർ 14ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കുന്ന പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് നൽകുകയും ചെയ്യും. 2025 ജനുവരി ഒന്നിനോ അതിനു ​മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.

അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4,5 തീയതികളിൽ അപേക്ഷിക്കാം. 

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ടറൽ ഓഫീസർമാരുമായി ബന്ധപ്പെടുക. ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പൽ കൗൺസിലുകളിലും അതാത് സെക്രട്ടറിമാരും മുനിസിപ്പൽ കോർപ്പറേഷനിൽ അതത് അഡീഷനൽ സെക്രട്ടറിമാരും ആണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ.

ബി.എൽ.ഒമാർക്ക് ഇനി ഒരുമാസം തെരഞ്ഞെടുപ്പ് ഡ്യൂട്ടി മാത്രം

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്‍റെ (എസ്.ഐ.ആർ) ഭാഗമായ എന്യൂമറേഷൻ ഫോം വിതരണവും വിവരശേഖരണവും ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ ബി.എൽ.ഒമാർക്ക് ഇനി ഡിസംബർ നാലുവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി മാത്രം. ബി.എൽ.ഒമാരെ മറ്റ് ഔദ്യോഗിക ജോലികളിൽനിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ഇവർക്ക് ഡ്യൂട്ടി ഓഫ് നൽകാനാണ് തീരുമാനം. എന്യൂമറേഷൻ ഘട്ടം എസ്.ഐ.ആറിൽ നിർണായകമാണ്.

വോട്ടർപട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ബി.എൽ.ഒമാർ വീടുതോറുമുള്ള പരിശോധനയും ഡേറ്റ ശേഖരണവും നടത്തണം. ഇതിനൊപ്പം മറ്റ് ഡ്യൂട്ടികൾ നൽകുന്നത് വോട്ടർപട്ടികയുടെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിൽ എല്ലാ ബി.എൽ.ഒമാരെയും ഇലക്ഷൻ കമീഷന്‍റെ ‘ഫുൾ-ടൈം’ ഡ്യൂട്ടിയിലായി കണക്കാക്കുമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Local elections: You can add your name to the voter list on November 4th and 5th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-14 01:25 GMT