എല്‍എല്‍.ബി പ്രവേശത്തിന് പ്രായപരിധി: വിജ്ഞാപനത്തിന് സ്റ്റേ

കൊച്ചി: എല്‍എല്‍.ബി പ്രവേശത്തിന് പ്രായപരിധി ഏര്‍പ്പെടുത്തിയത് ഹൈകോടതി സ്റ്റേ ചെയ്തു. പഞ്ചവത്സര എല്‍എല്‍.ബിക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 20 ഉം ത്രിവത്സര എല്‍എല്‍.ബിക്ക് 30മായി നിശ്ചയിച്ച  ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടിയാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. എറണാകുളം എളമക്കര സ്വദേശി ഗണേഷ് ഭട്ട് ഉള്‍പ്പെടെ ഒരു കൂട്ടം അപേക്ഷകര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. പഞ്ചവത്സര എല്‍എല്‍.ബി പ്രവേശത്തിനായി എന്‍ട്രന്‍സ് കമീഷണര്‍ നടത്തിയ പരീക്ഷയില്‍  ഗണേഷ് ഭട്ട് 107ാം റാങ്ക് നേടിയിരുന്നു. മറ്റു ഹരജിക്കാരില്‍ പലരും പ്രവേശം ഉറപ്പാകുന്നവിധത്തില്‍ മികച്ച റാങ്ക് ലഭിച്ചവരാണ്. ഈ വര്‍ഷം ഡിസംബറില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പരീക്ഷ എഴുതാമെന്നായിരുന്നു വിജ്ഞാപനത്തിലെ നിര്‍ദേശം. പരീക്ഷാഫലം സെപ്റ്റംബര്‍ എട്ടിനാണ് പ്രഖ്യാപിച്ചത്. 

26ന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. 2136 പേരുടെ റാങ്ക്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പുതിയ പ്രായപരിധി നിശ്ചയിച്ച് ഒക്ടോബര്‍ 22നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.  ഇതനുസരിച്ച് മികച്ച റാങ്കുള്ളവരുടെ പ്രായം 20 വയസ്സിന് മുകളിലായാല്‍ പ്രവേശം ലഭിക്കില്ല. പ്രോസ്പെക്ടസനുസരിച്ച് പ്രവേശ നടപടികള്‍ ആരംഭിച്ച് സെപ്റ്റംബറില്‍ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം പ്രായപരിധി സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റംവരുത്തിയത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം.

Tags:    
News Summary - LLB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.