ഓണപ്പുടവയുമണിഞ്ഞ് കുഞ്ഞു യൂൻ മാതാപിതാക്കൾക്കൊപ്പം

കൊച്ചി: അത്തം നാളിൽ തനിക്ക് ലഭിച്ച ആ ഓണപ്പുടവ കുഞ്ഞു യൂൻ ഒരിക്കലും മറക്കില്ല, ജീവിതം മുഴുവനും നിറഞ്ഞു നിൽക്കുന്ന ഒരു സുഗന്ധ സ്‌മൃതിയായിരിക്കും അത്. മലയാളത്തിൻ സ്നേഹവും, കരുതലും ഏറ്റുവാങ്ങിയതിന്‍റെ ഒളിമങ്ങാത്ത ഓർമ. കൊറോണയുടെ ഭീഷണിക്കിടയിലും പത്താം നാൾ പുലരുമ്പോൾ വന്നണയുന്ന ഓർമകളുടെ മഹാ ഉത്സവത്തിന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ജനത ഹൃദയത്തിൽ വിരൽ തൊട്ടെഴുതിയ സാഹോദര്യത്തിന്‍റെ അടയാളം.

മാലദ്വീപ് സ്വദേശികളായ മുഹമ്മദ് യുനാന്‍റെയും ഫാത്ത്മത്ത് റിഹ്ലയുടെയും എട്ടു മാസം മാത്രം പ്രായമുള്ള യൂൻ മുഹമ്മദ് യൂനാൻ എന്ന പെൺകുഞ്ഞ് സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ലിസി ആശുപത്രിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഓണപ്പുടവ നൽകിയും കേക്ക് മുറിച്ചും സന്തോഷം പങ്കുവെച്ചാണ് ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ കുഞ്ഞിനെ യാത്രയാക്കിയത്.

കുട്ടിയുടെ ഹൃദയത്തിലെ ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന കുഴലുകൾ പരസ്പരം മാറിയ നിലയിലായിരുന്നു. തന്മൂലം ശ്വാസതടസ്സം ഉണ്ടാകുകയും ശരീരത്തിൽ നീലനിറം പ്രത്യക്ഷപ്പെടുകയും ചെയ്തു. മഹാമാരിയുടെ പശ്ചാത്തലത്തിൽ മാലദ്വീപ് ഗവണ്മെന്റ് പ്രത്യേക താത്പര്യമെടുത്താണ് കുഞ്ഞിന്റെ യാത്രയ്ക്കും ചികിത്സയ്ക്കും വേണ്ട ക്രമീകരണങ്ങൾ ചെയ്തത്. കുട്ടിയുടെ ചികിത്സാ ചെലവും പൂർണമായി മാലദ്വീപ് സർക്കാർ ഏറ്റെടുത്തു.

ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ വിദഗ്‌ധനായ ഡോ. ജി. എസ്. സുനിലിന്‍റെ നേതൃത്വത്തിൽ എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്. ഡോ. എഡ്‌വിൻ ഫ്രാൻസിസ്, ഡോ. ജസൺ ഹെൻട്രി, ഡോ. ഫിലിപ്പ് മാത്യു, ഡോ. അന്നു ജോസ്, ഡോ. ദിവ്യ ജേക്കബ് എന്നിവർ ശസ്ത്രക്രിയയിലും, തുടർചികിത്സയിലും പങ്കാളികളായിരുന്നു.

അസി ഡയറക്ട്ർമാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട്, എന്നിവരും കുഞ്ഞിനെ യാത്രയാക്കാൻ എത്തിയിരുന്നു.

മുഹമ്മദ് യുനാൻ മാലദ്വീപിലെ അറിയപ്പെടുന്ന അഭിനേതാവും റിഹ്ല ചാനൽ പ്രൊഡ്യൂസറും സംവിധായികയുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.