എക്സൈസ് മന്ത്രി എം.ബി

മദ്യ ഉത്പാദനം വർധിപ്പിക്കണം, വിദേശത്തേക്കും കയറ്റുമതി ചെയ്യണം -മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: കേരളത്തിൽ മദ്യനിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രാദേശികമായ എതിർപ്പുകൾ വരാമെങ്കിലും അത് പരി​ഗണിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ ഒമ്പത് ഡിസ്‌റ്റിലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉൽപാദിപ്പിക്കുന്നില്ല. ചില സ്ഥാപിത താൽപര്യക്കാരാണ് തദ്ദേശീയമായ മദ്യ ഉൽപാദനത്തെ എതിർക്കുന്നത്. വെള്ളത്തിന്‍റെ പ്രശ്നം പറയുന്നവരുണ്ട്. കർണാടകയിൽ ഇല്ലാത്ത വെള്ളത്തിന്‍റെ എന്തു പ്രശ്നമാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി ചോദിച്ചു.

സ്ഥാപിതതാൽപര്യങ്ങൾക്കു മുന്നിൽ വഴങ്ങില്ലെന്നും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ മദ്യനയം അഞ്ചു വർഷത്തേക്ക് ആക്കുന്നത് സർക്കാറിന്‍റെ പരിഗണനയിലാണ്. നിലവിൽ ഓരോ വർഷത്തിനുമായി മദ്യനയം രൂപവത്കരിക്കുന്നത് മദ്യനിർമാണ വ്യവസായത്തെ ബാധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കണമെന്നും മന്ത്രി പറഞ്ഞു.

അപക്വവും ധാര്‍ഷ്ട്യവും നിറഞ്ഞതെന്ന് കെ.സി.ബി.സി

കൊച്ചി: മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയ സംസ്ഥാനത്ത്​ ഇനിയും മദ്യോൽപാദനം കൂട്ടണമെന്ന എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം അപക്വവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. വരുമാനവും തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയുമുണ്ടാക്കാനുള്ള നയരൂപവത്കരണമാണ് മന്ത്രി ലക്ഷ്യമിടുന്നതെങ്കില്‍ മദ്യത്തിന്റെ ദുരിതമനുഭവിക്കുന്നവരുടെ അഭിപ്രായംകൂടി ശേഖരിക്കണം. ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരുന്നത് കേരളമദ്യം കഴിക്കാനല്ല, പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ പഠിക്കാനുമാണ്. പാലക്കാട്ടെ ബ്രൂവറി സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണ്. പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താൽപര്യത്തെയും മറികടന്ന് സര്‍ക്കാറിന് ഒന്നും ചെയ്യാനാവില്ല.

തെരഞ്ഞെടുപ്പിന് മുമ്പ് മദ്യനിരോധനം പറയുകയും കഴിയുമ്പോള്‍ വര്‍ജനം പറയുകയും കടകവിരുദ്ധമായ സമീപനം സ്വീകരിക്കുകയുമാണ് സര്‍ക്കാറെന്നും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള വാർത്തകുറിപ്പിൽ കുറ്റപ്പെടുത്തി.

എലപ്പുള്ളി ബ്രൂവരിക്കെതിരെ പ്രത്യേക ഗ്രാമസഭ; പഞ്ചായത്ത് പരമാധികാര റിപബ്ലിക്കല്ലെന്ന് ഓർക്കണമെന്ന് എം.ബി. രാജേഷ്

എലപ്പുള്ളി ബ്രൂവറിക്കെതിരെ പ്രത്യേക ഗ്രാമസഭ ചേർന്നു. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഗ്രാമസഭയിൽ പ്രമേയം പാസാക്കി. എന്നാൽ, പഞ്ചായത്ത് പരമാധികാര റിപബ്ലിക്കല്ലെന്ന് ഓർക്കണമെന്നാണ് ഇതേക്കുറിച്ച് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചത്. നാട്ടിൽ ഒരു നിയമമുണ്ട്, ആ നിയമത്തിന് മുകളിൽ ഒരു പഞ്ചായത്തിനും പ്രവർത്തിക്കാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

എലപ്പുള്ളി പഞ്ചായത്തിലെ മണ്ണൂക്കാട് വാർഡിലാണ് ഒയാസിസ് കമ്പനി ബ്രൂവറി നിർമാണ യൂനിറ്റ് ആരംഭിക്കുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വാർഡുകളിൽ ഗ്രാമസഭ ചേരാനിരിക്കുകയാണ്.

Tags:    
News Summary - Liquor production in Kerala should be increased -MB Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.