തിരുവനന്തപുരം: പുതിയ മദ്യനയത്തിൽ മദ്യശാലകളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കുന്ന കാര്യവും പരിഗണനയിൽ. വിൽപന കൂടുതലുള്ള മദ്യക്കമ്പനികളിൽനിന്ന് ആനുപാതികമായ നികുതി ഈടാക്കുന്നതും ആലോചനയിലുണ്ട്.
ബാറുകളുടെയും ക്ലബുകളുടെയും ലൈസൻസ് ഫീസും ഇതര സേവനങ്ങളുടെ ഫീസും വർധിപ്പിക്കുന്നതാണ് പരിഗണിക്കുന്നത്. ബാർ ലൈസൻസിന് കൂടുതൽ ത്രീസ്റ്റാർ ഹോട്ടലുകൾ അപേക്ഷിച്ച സാഹചര്യത്തിൽ ലൈസൻസ് ഫീസ് വർധന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം.
എന്നാൽ, കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും നിരവധി ദിവസം അടച്ചിട്ടിട്ടും പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങുക മാത്രം ചെയ്യുന്നതിനാൽ ഫീസ് വർധിപ്പിക്കരുതെന്നുമാണ് ബാർ ഓണേഴ്സ് അസോസിയേഷന്റെ നിലപാട്. ഇക്കാര്യം രേഖാമൂലം സർക്കാറിനെ അറിയിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്.
മദ്യ ലഭ്യതയിലും പ്രശ്നമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ബെവ്കോ ഗോഡൗണുകളിൽനിന്ന് ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും ബാറുടമകളുടെ അവകാശവാദം തെറ്റാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
ബാറുകൾക്ക് നിലവിൽ 30 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ക്ലബ് ലൈസൻസിന് 20 ലക്ഷവും. ബീയർ, വൈൻ പാർലറുകൾക്ക് നാലു ലക്ഷം രൂപയാണ് ഫീസ്. ക്ലബുകൾക്ക് ബാർ ലൈസൻസ് ആവശ്യപ്പെട്ട് നിരവധി അപേക്ഷ ലഭിക്കുന്നുണ്ട്.
ഐ.ടി പാർക്കുകൾ, ടൂറിസം മേഖലകൾ എന്നിവിടങ്ങളിൽ പബുകളുടെ ബാറുകളും കൂടുതലായി അനുവദിക്കാൻ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ ലൈസൻസ് ഫീസ് വർധിപ്പിക്കുന്നത് ഗുണമാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.