കാസർകോട്: ‘ദയവായി സഹായിക്കുക’ പ്രാണനു തുല്യം സ്നേഹിച്ച സഹോദരിയെ അന്വേഷിക്കണമെന്ന ആവശ്യത്തോട് പൊലീസ് മുഖംതിരിച്ചപ്പോൾ ഇലിസ സ്വയം തയാറാക്കിയ ലിഗയുടെ മിസിങ് നോട്ടിസിൽ ഇങ്ങനെ ചേർത്തു: ‘‘എെൻറ സഹോദരി ലിഗയെ കോവളം ബീച്ചിൽനിന്ന് മാർച്ച് 14ാം തീയതി കാണാതായി. കണ്ടുകിട്ടുന്നവർ ദയവായി ഇൗ നമ്പറിൽ വിളിക്കുക. അടുത്തുള്ള െപാലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക. വിവരം നൽകുന്നവർക്ക് രണ്ടുലക്ഷം സമ്മാനം നൽകും.’’ ലോക്കൽ പൊലീസ് മുതൽ ഡി.ജി.പി വരെയുള്ളവർ പടിക്ക് പുറത്തുനിർത്തിയപ്പോൾ കോവളത്തുനിന്ന് ലിഗയുടെ ഭർത്താവ് ആൻഡ്രൂസിനൊപ്പം യാത്ര തുടങ്ങിയതാണ് ഇലിസ.
ലിഗയെ തേടിയുള്ള യാത്രതിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും നോട്ടിസ് പതിച്ച ഇലിസ ബേക്കൽ ബീച്ചിൽ അവസാന നോട്ടിസ് പതിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ഫോൺവിളി തേടിയെത്തി. പിന്നീട് കടലിലേക്ക് അണപൊട്ടിയൊഴുകിയത് ഇലിസയുടെ കണ്ണീരായിരുന്നു. തിരുവല്ലത്ത് ലിഗയുടെ ചിത്രത്തോട് സാദൃശ്യമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടലുകൾക്കിടയിൽ തീരത്ത് അടിഞ്ഞിരിക്കുന്നുവെന്നായിരുന്നു അത്. തുടർന്ന് ബേക്കൽ ഫോർട്ട് സ്റ്റേഷനിൽനിന്ന് വണ്ടികയറി തിരുവനന്തപുരത്തേക്ക് വിട്ടു.
വിഷാദരോഗത്തിനടിമപ്പെട്ട സഹോദരി ലിഗക്ക് ശബ്ദമലിനീകരണമില്ലാതെ ചികിത്സിക്കാനുള്ള ഇടംതേടി ഒന്നരമാസം മുമ്പാണ് അയർലൻഡിൽനിന്ന്കേരളത്തിലെത്തിയത്. അമൃത ഹോസ്പിറ്റലിൽ ആദ്യം ചികിത്സിച്ചു. ശബ്ദായമാനമായ അന്തരീക്ഷം കാരണം പോത്തൻകോട് ശാന്തിഗിരിയിലേക്ക് ചികിത്സ മാറ്റി. മാർച്ച് 14ന് രാവിലെ ലിഗ ഇലിസയോട് പറഞ്ഞു, ‘‘ഇന്ന് യോഗക്ക് വരുന്നില്ല, നീ പോയാൽമതി’’ എന്ന്. ഇലിസ യോഗക്ക് പോയി തിരികെയെത്തിയപ്പോൾ ലിഗയെ കണ്ടില്ല.
ഒരു ഒാേട്ടാറിക്ഷയിൽ അവർ ബീച്ചിൽപോയി എന്ന് അടുത്തുള്ളവർ പറഞ്ഞു. ബീച്ചിൽ പോയ ലിഗയെ ഒാേട്ടാഡ്രൈവർ കൊണ്ടുവിട്ടത് കോവളത്ത് എന്ന് അന്വേഷണത്തിൽ മനസ്സിലായി. കോവളം പൊലീസിൽ പരാതി നൽകിയപ്പോൾ പോത്തൻകോട് സ്റ്റേഷനിൽ നൽകാൻ പറഞ്ഞു. പോത്തൻകോട് പരാതി നൽകിയപ്പോൾ പൊലീസ് മുഖവിലയ്ക്കെടുത്തില്ല. തുടർന്ന് ലിഗയുടെ ഭർത്താവ് ആൻഡ്രൂസിനെ അയർലൻഡിൽനിന്ന് വിളിച്ചുവരുത്തി. ‘വി കാൻ ഹെൽപ്’ എന്ന സംഘടനയുടെ സഹായത്തോടെ ആൻഡ്രൂസും ഇലിസയും ഡി.ജി.പി ലോക്നാഥ് ബെഹ്റയെ കണ്ട് പരാതി പറഞ്ഞു. എന്നാൽ, ഡി.ജി.പി രോഷത്തോടെ പെരുമാറിയെന്ന് ആൻഡ്രൂസ് പിന്നീട് സഹായികളെ അറിയിച്ചു.
കേരള പൊലീസിനെ വിമർശിച്ച് ആൻഡ്രൂസ് ഡി.ജി.പിയുടെ മേശക്കടിച്ച് പടിയിറങ്ങി. ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയതോടെ പൊലീസിന് അനക്കംവന്നു. എന്നാൽ, അന്വേഷണം മുഴുവൻ ഇലിസയെയും ആൻഡ്രൂസിനെയും ചോദ്യംചെയ്യലായിരുന്നു. പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. കുറച്ചുദിവസം കഴിഞ്ഞ് തിരികെയെത്തിയ ആൻഡ്രൂസും ഇലിസയും മിസിങ് നോട്ടിസുമായി പൊലീസിെൻറ അനുമതിയോടെ കേരളം മുഴുവൻ സഹോദരിയെ തേടിയലഞ്ഞു. ഒടുവിൽ ബേക്കലിൽ എത്തിയപ്പോഴാണ് ലിഗയുടെ മൃതദേഹം തിരുവല്ലത്ത് അടിഞ്ഞിരിക്കുന്നത് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.